അഴിമതി തുടച്ചുനീക്കാൻ സംസ്ഥാന സർക്കാർ; വിജിലൻസ് കുടുക്കിയത് 1083 ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി തുടച്ചു നീക്കാൻ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ വിജിലൻസ് നടത്തിയ പരിശോധനയിൽ 1083 ഉദ്യോഗസ്ഥരെയാണ് പിടികൂടി നിയമനടപടി സ്വീകരിച്ചത്. ഇതിൽ എട്ട് കേന്ദ്രസർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. 304 പേർ തദ്ദേശ വകുപ്പിൽ നിന്നും 195 പേർ റവന്യു വകുപ്പിൽ നിന്നും 50 പേർ പൊതുമരാമത്ത് വകുപ്പിൽ നിന്നുമുള്ളവരാണ്.
വനംവകുപ്പ് 49,മോട്ടോർ വാഹനവകുപ്പ് 45, ആഭ്യന്തവകുപ്പ് 40, ആരോഗ്യം 37, വിദ്യാഭ്യാസ വകുപ്പ് 33, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് 32, ബിവറേജസ് 40, എക്സൈസ് 26, കൃഷി 24, ഗതാഗതം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കണക്ക്. കൈക്കൂലിയായി പണം നേരിട്ടും ഡിജിറ്റലായും സ്വീകരിച്ചതും പാരിതോഷികമായി മറ്റ് വസ്തുക്കൾ കൈപ്പറ്റിയവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെ പിടികൂടാൻ വിജിലൻസ് ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ് എന്ന പേരിൽ പ്രത്യേക പരിശോധനയും നടത്തുകയാണ്. ഇതിന്റെ ഭാഗമായി കൈക്കൂലിക്കാരായ 700 സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. നിരന്തരം നിരീക്ഷിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇവർ എപ്പോഴും വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്. ഈ വർഷം മാത്രം വിവിധ സർക്കാർ ഓഫീസുകളിലായി മുന്നൂറോളം മിന്നൽ പരിശോധന നടത്തി. വിജിലൻസ് നടപടികളുടേയും ശുപാർശകളുടേയും ഫലമായി മോട്ടോർ വാഹന വകുപ്പിന്റെ ബോർഡർ ചെക്ക് പോസ്റ്റ് രാത്രി കാലങ്ങളിലും നിർത്തലാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി, ജിഎസ്ടി എന്നീ വകുപ്പുകളിൽ നിന്ന് അധിക പിഴ, റോയൽറ്റി, പെനാൽറ്റി, നികുതി എന്നിങ്ങനെ സർക്കാരിന് 500 കോടി രൂപയുടെ അധിക വാർഷിക വരുമാനവും ലഭിച്ചു.
വിജിലൻസിലെ ഉദ്യോഗസ്ഥർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ രീതികളെക്കുറിച്ചും പരിശീലനം നൽകിയിട്ടുണ്ട്. സങ്കീർണമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ, ബാങ്ക് തട്ടിപ്പുകൾ, പൊതു പണം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ചോർത്തൽ തുടങ്ങിയവയിൽ ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് വർധിപ്പിക്കാനുള്ള പരിശീലനവും നടക്കുകയാണ്.








0 comments