മുതിർന്ന ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ ആർ എം വാസഗം അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ബഹിരാകാശ ശാസ്‌ത്രജ്‌ഞനും ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ പരീക്ഷണ ഉപഗ്രഹം ആപ്പിളിന്റെ പ്രൊജക്ട് ഡയറക്ടറുമായ ആർ എം വാസഗം (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗലുരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് തുടക്കമിട്ട പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടു കാലം ഐഎസ്‌ആർഒയുടെ ഭാഗമായിരുന്നു.
അറുപതുകളിൽ തിരുവനന്തപുരം തുമ്പയിൽ പുതുതായി ആരംഭിച്ച റോക്കറ്റ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഗ്രൂപ്പിലെ കൺട്രോൾ ആന്റ് ഗൈഡൻസ് സിസ്‌റ്റം എൻജിനിയറായാണ് ജോലിയിൽ പ്രവേശിച്ചത്. റോക്കറ്റ്, ഉപഗ്രഹ സാങ്കേതിക വിദ്യകളിലെ വിദഗ്‌ധനായിരുന്നു. എസ്‌എൽവി, പിഎസ്‌എൽവി, ക്രയോജനിക് അപ്പർ സ്‌റ്റേജ് എന്നിവയുടെ സാധ്യതാപഠനത്തിൽ മുഖ്യപങ്ക് വഹിച്ചു. 1975–77 കാലത്ത് ആപ്പിൾ ഉപഗ്രഹം നിർമിച്ചു. ബംഗലുരുവിലെ സാറ്റ്‌ലെറ്റ് സെന്ററിൽ ഡിവിഷൻ മേധാവിയായിരുന്ന അദ്ദേഹം പിന്നീട് തിരുവനന്തപുരം വിഎസ്‌എസ്‌സിയിലേക്ക് മടങ്ങി എത്തി ഏവിയോണിക്‌സ് ആന്റ് എയ്‌റോനോട്ടിക്‌സ് എന്റിറ്റിയുടെ ചുമതലക്കാരനായി.
ബംഗലുരു ഐഎസ്‌ആർഒ ആസ്ഥാനത്ത് അഡ്വാൻസ്‌ഡ് ടെക്‌നോളജി ആന്റ് പ്ലാനിങ് വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു. 1994ൽ വിരമിച്ച അദ്ദേഹം പിന്നീട് അണ്ണാ സർവകലാശാലയുടെ വൈസ് ചാൻസിലറായി. തമിഴ്‌നാട് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ചെയർമാൻ, സംസ്ഥാന പ്ലാനിങ് ബോർഡംഗം എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു. തമിഴ്‌നാട് സേലം പള്ളത്തൂർ എന്ന ഗ്രാമത്തിൽ കർഷക കുടുംബത്തിലായിരുന്നു ജനനം. മദ്രാസ് ഐഐടിയിൽ നിന്ന് എംടെക് നേടി. ഭാര്യ: വിജയ, മക്കൾ: ഹേമലത, ഹേമമാലിനി (എൻജി നിയർ).
വിടവാങ്ങിയത് സഞ്ചരിക്കുന്ന വിജ്ഞാനകോശം
ഐഎസ്‌ആർഒയിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശമായി അറിയപ്പെട്ടിരുന്ന ആർ എം വാസഗം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് അടിത്തറപാകിയവരിൽ പ്രമുഖനാണ്. റോക്കറ്റ്, ഉപഗ്രഹ സാങ്കേതികവിദ്യയിലെ സങ്കീർണതകളെ കഠിനാധ്വാനത്തിലൂടെ മറികടക്കാനും ദൗത്യങ്ങളെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനിലെ ആദ്യ റോക്കറ്റ് റിസർച്ച് ഗ്രൂപ്പ് അംഗമായിരുന്നു. മദ്രാസ് ഐഐടിയിൽനിന്ന് കൺട്രോൾ സിസ്‌റ്റം എൻജിനിയറിങ്ങിൽ എം ടെക് പാസായി തുമ്പയിൽ ജോലിയിൽ പ്രവേശിച്ച ഉടനായിരുന്നിത്. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ സഞ്ചാരം, വിക്ഷേപണവാഹനങ്ങളുടെ പ്രവർത്തനം തുടങ്ങിയവയിൽ വാസഗം ശ്രദ്ധകേന്ദ്രീകരിച്ചു. ഇത്തരം പഠനങ്ങൾക്കായി നിയോഗിച്ച സമിതികളിലെല്ലാം അംഗമായി. വാർത്താവിനിമയ ഉപഗ്രഹങ്ങൾ നിർമിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി പഠിക്കാൻ അണുശക്തി വകുപ്പ് നടത്തിയ പഠനമായിരുന്നു ഇവയിൽ മുഖ്യം. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പരിശീലനം നടത്തി. സാങ്കേതിക മാനേജ്‌മെന്റിനായുള്ള പിപിഇജിയുടെ ആദ്യ തലവനായി.
തിരുവനന്തപുരത്ത് വിഎസ്‌എസ്‌സി സ്ഥാപിച്ചതോടെ വാസഗത്തിന് കൂടുതൽ ചുമതലകൾ ലഭിച്ചു. യൂറോപ്യൻ സ്‌പേയ്‌സ് ഏജൻസിയുടെ ആരിയാൻ റോക്കറ്റിൽ ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ആപ്പിൾ വിക്ഷേപിക്കുന്നതിനു തീരുമാനമായതോടെ പദ്ധതിയുടെ പ്രജക്ട് ഡയറക്ടറായി. ഉപഗ്രഹങ്ങളുടെ സെൻസറുകളുടെ ഗവേഷണത്തിന് തുടക്കമിട്ടത് വാസഗമായിരുന്നു. റോക്കറ്റുകളിലെ ഓൺബോർഡ് കംപ്യൂട്ടർ, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് നേതൃത്വം നൽകി. റോക്കറ്റ് സാങ്കേതികവിദ്യയിൽ പലമാറ്റങ്ങളും വരുത്താനും അവയെല്ലാം പുതുതലമുറയെ പഠിപ്പിക്കാനും വാസഗ ശ്രദ്ധിച്ചു. വിരമിച്ചശേഷവും ഏറെക്കാലം എമിനന്റ് സയന്റിസ്‌റ്റ് പദവിയിൽ ഐഎസ്‌ആർഒക്ക് ഒപ്പമുണ്ടായി. 1982ൽ പത്മശ്രീ ലഭിച്ചു. വിക്രം സാരാഭായ് പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.









0 comments