മന്ത്രിക്കെതിരെ കരുതിക്കൂട്ടി ആക്രമണം ; പ്രതിപക്ഷവും മാധ്യമങ്ങളും വളഞ്ഞിട്ട് വേട്ടയാടി


അശ്വതി ജയശ്രീ
Published on Jul 05, 2025, 03:11 AM | 1 min read
തിരുവനന്തപുരം
ആരോഗ്യ മേഖലയിലെ ചെറിയ സംഭവംപോലും വാർത്തയാകുക പതിവാണെങ്കിലും മന്ത്രി വീണാ ജോർജിനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം. മന്ത്രിക്ക് ഉത്തരവാദിത്വമില്ലാത്ത സംഭവങ്ങളിലടക്കം പ്രതിപക്ഷവും മാധ്യമങ്ങളും വളഞ്ഞിട്ട് വേട്ടയാടി.
കോട്ടയം മെഡി. കോളേജിലെ അപകടമരണവുമായി ബന്ധപ്പെട്ട് "ആരോഗ്യമന്ത്രി കൊന്നു'എന്ന ചോര തലക്കെട്ട് പോലും മലയാള പത്രങ്ങൾ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ ഉപകരണത്തിന് ക്ഷാമമുണ്ടെന്ന ആക്ഷേപമുയർന്നതോടെ, മെഡിക്കൽ കോളേജുകളിലാകെ പ്രതിസന്ധി എന്ന വാർത്ത സൃഷ്‌ടിച്ചു. ഇതിന്ആക്കം കൂട്ടാനാണ്കോട്ടയം അപകടവും ഉപയോഗിച്ചത്. ഒരാഴ്ചമുമ്പ് കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ഉപകരണം ഇല്ലാതെ ശസ്‌ത്രക്രിയ മുടങ്ങിയതിൽ ഇവർക്കാർക്കും ഒരു പ്രശ്നവുമില്ലായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് തകർന്നടിഞ്ഞ ആരോഗ്യമേഖലയെ രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമാക്കിയത് എൽഡിഎഫ് സർക്കാരാണ്. ഇതിലുള്ള ചൊരുക്കാണ് പ്രകടമാകുന്നത്. രണ്ടാം പിണറായി സർക്കാരിൽ വീണാ ജോർജ് മന്ത്രിയായെത്തിയതോടെ അത് പാരമ്യത്തിലെത്തി. ഐസിയുവിൽ കിടക്കയില്ലെന്ന വാർത്തയ്ക്ക് മറുപടിയായി മാധ്യമപ്രവർത്തകരെ മെഡിക്കൽ കോളേജ് ഐസിയു സന്ദർശിക്കാൻ മന്ത്രി വീണാ ജോർജ് വെല്ലുവിളിച്ചിരുന്നു. അതേറ്റെടുക്കാതെ ചാനലുകൾ മുങ്ങിയപ്പോൾ പിപിഇ കിറ്റ് ധരിച്ച് മന്ത്രി ഐസിയു സന്ദർശിക്കുകയും കിടക്കകളുടെ കണക്ക് വ്യക്തമാക്കുകയും ചെയ്തു.
പേവിഷ വാക്‌സിൻ ക്ഷാമം, വാക്‌സിന് ഗുണനിലവാരമില്ല തുടങ്ങിയ അടിസ്ഥാനരഹിത വാർത്തകൾ ഇക്കാലയളവിൽ വന്നു. മന്ത്രിയുടെ പിഎയുടെ പേരിൽ കോഴ വാങ്ങിയത് ദിവസങ്ങളോളം ആഘോഷിച്ചവർ സത്യം പുറത്തുവന്നപ്പോൾ വായ തുറന്നില്ല. എൽഡിഎഫ് മന്ത്രിസഭകളിൽ തുടർച്ചയായി വനിത ആരോഗ്യമന്ത്രിമാർ മികച്ച പ്രകടനം നടത്തുന്നത് സഹിക്കാത്തതും പ്രതിപക്ഷ–-മാധ്യമ കൂട്ടുകെട്ടിന്റെ ഹാലിളക്കത്തിന് പ്രധാന കാരണമാണ്.









0 comments