ad
Deshabhimani

print edition കെപിസിസി പ്രസിഡന്റ്‌: സതീശന്റെ ചെക്ക്‌; ചർച്ച നീണ്ടേക്കും

kpcc vd satheesan
avatar
സി കെ ദിനേശ്‌

Published on Jul 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഭരണം സുഗമമാകണമെങ്കിൽ തനിക്കുകൂടി സ്വീകാര്യനായ ആളെ കെപിസിസി പ്രസിഡന്റ്‌ ആക്കണമെന്ന്‌ എഐസിസി നേതൃത്വത്തോട്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി ഡി സതീശൻ. ചൊവ്വാഴ്‌ച എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗയെ കണ്ട്‌ ഇക്കാര്യമറിയിച്ചു. പ്രധാന മന്ത്രിയുടെ വസതിക്കുമുന്നിൽ സമരം തുടങ്ങിയതിനാൽ രാഹുൽ ഗാന്ധി അടക്കമുള്ളവരുമായുള്ള ചർച്ച നടന്നില്ല.


രാഹുൽ ഗാന്ധിയുടെ തലമുറ മാറ്റ ഫോർമുലവച്ച്‌ തന്നോട്‌ കൂറുള്ളയാളെ വയ്ക്കാൻ കെ സി വേണുഗോപാൽ തന്ത്രങ്ങൾ മെനയവെയാണ്‌ സതീശന്റെ പുതിയ ചെക്ക്‌. വേണുഗോപാൽ പക്ഷക്കാരനെ വയ്ക്കാൻ സമ്മതിക്കില്ലെന്ന ഭീഷണിയാണ്‌ സതീശൻ ഹൈക്കമാൻഡിന്‌ നൽകുന്നത്‌. ഭരണത്തിൽ തടസ്സങ്ങളുണ്ടായ മുൻകാല സംഭവങ്ങളും നേതൃത്വത്തെ ഓർമിപ്പിച്ചിട്ടുണ്ട്‌. ചർച്ചകളിൽനിന്നുയർന്ന പേരുകളൊന്നും പരിഗണിക്കാതെ വി എം സുധീരനെ പ്രസിഡന്റാക്കിയതോടെ 2011–16 ലെ ഉമ്മൻചാണ്ടി സർക്കാർ അകപ്പെട്ട വൻപ്രതിസന്ധിയാണ്‌ സതീശൻ ചൂണ്ടിക്കാട്ടിയത്‌. ഭരണത്തിലേറി രണ്ടുമാസത്തിനിടെയുണ്ടായ വിവാദ വിഷയങ്ങൾ സംബന്ധിച്ച്‌ വിശദീകരണവും നൽകിയെന്നാണ്‌ അറിയുന്നത്‌.


ബെന്നി ബഹ്‌നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരെകൂടാതെ മാത്യു കുഴൽനാടന്റെ പേരും മുൻനിരയിലുണ്ട്‌. കെ സി ജോസഫ്‌, എം എം ഹസൻ, അടൂർ പ്രകാശ് എന്നിവരും അവകാശവാദക്കാരാണ്‌. എംപിയോ എംഎൽഎയോ ആയി എന്നത്‌ കെപിസിസി പ്രസിഡന്റാകാൻ തടസ്സമല്ലെന്ന്‌ നേതൃത്വം ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മലബാറിൽനിന്നുള്ള ഒരു എംഎൽഎയുടെ പേരും കോൺഗ്രസ്‌ വൃത്തങ്ങളിൽ സജീവമാണ്‌.


ഉടൻ തീരുമാനമുണ്ടാകുമെന്ന വിവരമാണ്‌ ലഭിച്ചതെന്നാണ്‌ വർക്കിങ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിട്ടുള്ള പി സി വിഷ്ണുനാഥ്‌ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എന്നാൽ, തീരുമാനമാകുന്ന ഘട്ടത്തിലേക്ക്‌ എത്തിയിട്ടില്ലെന്നും പ്രാഥമിക ചർച്ചയാണ്‌ നടക്കുന്നതെന്നുമാണ്‌ കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. വേണ്ടിവന്നാൽ മുതിർന്ന നേതാക്കളെ ഡൽഹിക്ക്‌ വിളിപ്പിക്കാനും ആലോചനയുണ്ട്‌. മുൻനിരക്കാർ തമ്മിൽ രൂക്ഷതർക്കമുണ്ടെന്നതിനാൽ അവരെയും ബോധ്യപ്പെടുത്താനാണ്‌ ഹൈക്കമാൻഡ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home