വി എസ് അച്യുതാനന്ദൻ- കേരള പുരസ്‌കാരം എസ് രാമചന്ദ്രൻ പിള്ളയ്ക്ക്

തിരുവനന്തപുരം: കെഎസ്‌കെടിയു മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ -കേരള പുരസ്‌കാരവും വി എസ് അച്യുതാനന്ദൻ– കേരള സാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. വി എസ് അച്യുതാനന്ദൻ- കേരള പുരസ്‌കാരം സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് നൽകും. 50001രൂപയും ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത വെങ്കല ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
രാജ്യത്തെ കർഷക- കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കുകയും ഇന്ത്യൻ കാർഷിക മേഖലയുടെ ത്യാഗോജ്ജ്വലമായ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എം എ ബേബി ചെയർമാനും പ്രൊഫ. പി കെ മൈക്കിൾ തരകനും എൻ ഇ സുധീറും പ്രീജിത് രാജും അംഗങ്ങളുമായുള്ള ജൂറി എസ് രാമചന്ദ്രൻ പിള്ളയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

കഥ, കവിത, പ്രബന്ധ രചനയിൽ മികവ് പുലർത്തുന്ന മലയാളത്തിലെ സാഹിത്യ പ്രതിഭകൾക്കാണ് വി എസ് അച്യുതാനന്ദൻ - കേരള സാഹിത്യ പുരസ്കാരം നൽകുന്നത്. 30001 രൂപയും ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത വെങ്കല ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കഥയ്ക്ക് കോഴിക്കോട് പേരാമ്പ്ര സ്വദേശി വി കെ സുധീർകുമാർ അർഹനായി. ‘രാമലീല’ എന്ന കഥയ്ക്കാണ് പുരസ്കാരം. ‘പനശാല’ കവിത രചിച്ച തിരുവനന്തപുരം സ്വദേശിയായ വിനോദ് വൈശാഖി കവിതാ പുരസ്കാരത്തിനും പ്രബന്ധ രചനയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരത്തിന് പാലക്കാട് സ്വദേശിയായ എസ് അർച്ചനയും അർഹരായി.
ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം നാലിന് ആലപ്പുഴ മങ്കൊമ്പിലെ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. സിപിഐ എം ജനറൽ സെക്രട്ടറിയും വി അസ് അച്യുതാനന്ദൻ - കേരള പുരസ്കാരം ജൂറി ചെയർമാനുമായ എം എ ബേബി എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പുരസ്കാരം നൽകും. വി എസ് അച്യുതാനന്ദൻ - കേരള സാഹിത്യ പുരസ്കാരങ്ങൾ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ വിതരണം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുരസ്കാര സമർപ്പണ ചടങ്ങിൽ അധ്യക്ഷനാവും.
വാർത്താസമ്മേളന്തതിൽ മാസികയുടെ ചീഫ് എഡിറ്ററും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റുമായ എം വി ഗോവിന്ദൻ, മാനേജർ ആനാവൂർ നാഗപ്പൻ, കെഎസ്‌കെടിയു ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്‌കെടിയു മുഖമാസിക എഡിറ്റർ പ്രീജിത് രാജ് എഴുതിയ 'എം ടി വാസുദേവൻനായർ: അഭിമുഖം, സ്‌മരണ, നിരൂപണം, പ്രഭാഷണം' പുസ്തകം പ്രകാശിപ്പിച്ചു.









0 comments