എയ്യാൻ അമ്പില്ല, നുണക്കഥകൾ ഏശുന്നില്ല; നാണം കെട്ട്‌ പ്രതിപക്ഷം

vd satheesan legislative assembly
avatar
റഷീദ്‌ ആനപ്പുറം

Published on Oct 09, 2025, 03:32 PM | 2 min read

തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരെ എയ്യാൻ അമ്പില്ലാതായ പ്രതിപക്ഷം നിയമസഭയിൽ കളിക്കുന്നത്‌ കൈവിട്ട കളി. നുണക്കഥകളും ആക്രോശവും കൈയാങ്കളിയും മാത്രമായി കേരള നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ ഇ‍ൗ പൊറാട്ട്‌ നാടകത്തിന്‌ കർട്ടൻ താഴുമ്പോൾ മൂന്ന്‌ എംഎൽഎമാർ പുറത്ത്‌.


പ്രതിക്ഷത്തിന്റെ ഒരും കളിയും ഭരണപക്ഷത്തെ തെല്ലും ഏശുന്നേയില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ്‌ സഭ പിരിഞ്ഞത്‌. ജനക്ഷേമവും വികസനവുമാണ്‌ സർക്കാർ അജണ്ട. നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലുകൾ ഇതിന്‌ തെളിവാണ്‌. സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരായ എൽഡിഎഫ്‌ സർക്കാരിന്റെ ബദൽ നയങ്ങളുടെ വേദികൂടിയാണ്‌ നിയമസഭാ സമ്മേളനം. എന്നാൽ യുഡിഎഫ്‌ ആകട്ടെ കേരളത്തിൽ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്‌.


ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ്‌ പ്രതിപക്ഷം സഭയിൽ ആവശ്യപ്പെടുന്നത്‌. ഇതേ ആവശ്യമാണ്‌ ബിജെപിയും ഉന്നയിക്കുന്നത്‌. സ്വർണക്കടത്ത്‌ ഉൾപ്പെടെ പല കാര്യങ്ങളിലും കൈകോർത്ത യുഡിഎഫും ബിജെപിയും ശബരിമല സംഭവത്തിലും സർക്കാരിനെതിരെ ഒരുമിക്കുന്നു. സഭയിൽ വീരശൂര പരാക്രമികളായ ഒരു പ്രതിപക്ഷ അംഗവും ബിജെപിക്കൊ കേന്ദ്ര സർക്കാരിന്‌ എതിരെയോ ഒരക്ഷരം ഉരിയാടുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ പെട്ട സ്ഥലമായിട്ട്‌ പോലും വയനാട്‌ ചൂരൽമലക്കുള്ള സാമ്പത്തിക സഹായം പേരിന്‌ മാത്രം ആക്കിയതിലും ബാങ്ക്‌ കടം എഴുതി തള്ളാനകില്ല എന്ന തീരുമാനത്തലിലും പ്രതിപക്ഷ പ്രതിഷേധം കണ്ടില്ല. എന്നാൽ കേരള സർക്കാരിനെ ആക്രമിക്കാൻ വലിയ ഉ‍ൗർജമാണ്‌. പക്ഷേ, ആ ആക്രമണത്തിന്‌ അൽപായുസ്സ്‌ മാത്രമാണ്‌.


ശബരിമലയിലെ വിവാദമായ ചെമ്പ് പാളിയുമായി ബന്ധപ്പെട്ട്‌ നിയമസഭക്കകത്ത്‌ ആക്രമണം നടത്തിയ പ്രതിപക്ഷം ഇ‍ൗ വിഷയത്തിൽ ഒരു അടിയന്തിര പ്രമേയ നോട്ടീസ്‌പോലും നൽകാനുള്ള ധൈര്യം കാട്ടിയില്ല. സബ്‌മിഷനായി വിഷയം ഉന്നയിക്കാനും തയ്യാറല്ല. ഇതിന്‌ തയ്യാറായാൽ സർക്കാർ കൃത്യമായ മറുപടി നൽകും. അതോടെ ആ തിരക്കഥകൾ പൊളിയും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന നാല്‌ അടിയന്തിര പ്രമേയമാണ്‌ സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്‌തത്‌. ചർച്ചയിലുടനീളം കനത്ത പ്രഹരമേറ്റ പ്രതിപക്ഷം വടി കൊടുത്ത്‌ അടിവാങ്ങുകയായിരുന്നു. ഇ‍ൗ ഭയത്താൽ ചട്ടപ്രകാരം സഭയിൽ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറാല്ല. സ്‌പീക്കർ തന്നെ ഇ‍ൗ കാര്യം ആവശ്യപ്പെട്ടിട്ടും മറുപടിയില്ല.


ശബരിമല സംഭവം ഹൈക്കോടതി മേൽനോട്ടത്തിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതായും കുറ്റക്കാർ ആരായാലും നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഉന്നത അന്വേഷണം വേണമെന്ന്‌ ദേവസ്വം വകുപ്പും ദേവസ്വം ബോർഡും അറിയിച്ചതിനാലാണ്‌ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്‌. എന്നാൽ ഇ‍ൗ മറുപടിയൊന്നും പ്രതിപക്ഷത്തിന്‌ പ്രശ്‌നമേയല്ല.


സർക്കാരിനും എൽഡിഎഫിനും പ്രത്യേകിച്ച്‌ സിപിഐ എമ്മിനും പ്രതിപക്ഷം നിയമസഭയിലും പുറത്തും കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും എട്ടുനിലയിൽ പൊട്ടിയ കാഴ്‌ചയാണ്‌ കേരളം കാണുന്നത്‌. ഏറ്റവും ഒടുവിൽ എക്‌സാലോജിക്‌ വിഷയത്തിലും ഇത്‌ കണ്ടു. പ്രതിപക്ഷത്തെ യുവ തുർക്കിയെന്ന്‌ സ്വയം നടിക്കുന്ന മാത്യുകുഴൽനാടന്റെ ഹർജി സുപ്രിംകോടതി കീറിയെറിഞ്ഞു. വാളയാർ കേസിൽ എന്തെല്ലാമായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ആക്ടിവിസ്‌റ്റുകൾ എന്ന്‌ നടക്കുന്നവരും കേരളത്തോട്‌ പറഞ്ഞത്‌. കേന്ദ്ര ഏജൻസിയായ സിബിഐ നടത്തിയ അന്വേഷണത്തിൽ ഒടുവിൽ കുട്ടിയുടെ അമ്മ തന്നെ പ്രതിസ്ഥാനത്ത്‌ എത്തി. അമ്മ തന്നെയാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്‌.


സ്വർണ കടത്ത്‌ കേസും സമാനരീതിയിൽ ചീറ്റി. ഇ‍ൗന്തപ്പഴത്തിലും ഖുർആനിലും സ്വർണം കടത്തിയെന്നുവരെ കള്ളം പ്രചരിപ്പിച്ചില്ലേ. എന്നിട്ട്‌ ആ കേസ്‌ എന്തായി? സമാനമായ അനുഭവം തന്നെയാകും ശബരിമല സംഭവത്തിലും കേരളം കാണുക. വിഷയ ദാരിദ്ര്യം വല്ലാതെ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്‌. ഇത്രയും പരിതാപകരമായ ഒരു അവസ്ഥ ഒരു കാലത്തും പ്രതിപക്ഷത്തിന്‌ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക്‌ സർക്കാരിലുള്ള വിശ്വാസമാണ്‌ പ്രതിപക്ഷത്തെ വല്ലാതെ വേവലാതിപ്പെടുത്തുന്നത്‌. അതിന്‌ തൽക്കാലം മരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home