യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് വരുന്നു

കൊച്ചി
ബാങ്കുകളെയും പെയ്‌മെന്റ് സേവനദാതാക്കളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്കും നിരക്ക് ഈടാക്കുന്നു. 3000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് വരുക. വ്യക്തികളും വ്യാപാരികളും തമ്മിലുള്ള (പി2എം) യുപിഐ ഇടപാടുകൾക്കുള്ള മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പുനഃസ്ഥാപിച്ചാണ് ഇത് ഈടാക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർധിക്കുന്നുവെന്ന ബാങ്കുകളുടെയും പെയ്‌മെന്റ് സേവനദാതാക്കളുടെയും ആശങ്ക മുൻനിർത്തിയാണ് പുതിയ നീക്കം.
യുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ജൂലൈ 31 മുതൽ യുപിഐ ഉപയോഗിച്ചുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ബാങ്കുകളോടും പെയ്‌മെന്റ് സേവനദാതാക്കളോടും നിർദേശിച്ചിട്ടുണ്ട്. ബാലൻസ് പരിശോധന, ഇടപാടുകളുടെ നില (സ്‌റ്റാറ്റസ്) പരിശോധന തുടങ്ങിയവയ്‌ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതുപ്രകാരം ഒരു യുപിഐ ആപ്പിലൂടെ ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാനാകൂ. രണ്ടു മണിക്കൂറിനുള്ളിൽ മൂന്നുതവണ മാത്രമേ ഇടപാടുനില പരിശോധിക്കാൻ അനുവദിക്കൂ. ബാലൻസും ഇടപാടുകളും ഇടയ്‌ക്കിടെ പരിശോധിക്കേണ്ട വ്യാപാരികൾക്കും മറ്റും ഇത് പ്രതിസന്ധിയാകും. നിയന്ത്രണം പ്രാബല്യത്തിലായാൽ തുടർച്ചയായി നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക അടയ്‌ക്കാൻ നിർദേശിക്കുന്ന ഓട്ടോ പേ മാൻഡേറ്റ് രാവിലെ പത്തിനും പകൽ ഒന്നിനും വൈകിട്ട് അഞ്ചിനും രാത്രി 9.30നുമിടയിൽ സാധ്യമാകില്ല.









0 comments