print edition ശബരിമല ശിൽപ്പപാളി കേസ് ; പോറ്റിക്കെതിരെ കൂടുതൽ തെളിവ് , 10 വരെ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 10വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ റിമാൻഡിലായിരുന്ന ഇയാളെ തിങ്കൾ പകൽ 12.30ഓടെയാണ് പ്രത്യേക അന്വേഷകസംഘം കോടതിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പോറ്റിക്കെതിരെ കൂടുതൽ തെളിവും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കി. പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തി. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ചാണ് സ്വർണം വേർതിരിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണ്. പ്രതിയെ ദേവസ്വം ബോർഡ് ജീവനക്കാരായ കൂട്ടുപ്രതികൾക്കൊപ്പം ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിഭാഗം അഭിഭാഷകൻ ഇതിനെ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. മുക്കാൽ മണിക്കൂറോളം നീണ്ട നടപടികൾ അടച്ചിട്ട കോടതിയിലായിരുന്നു.
ദ്വാരപാലക ശിൽപ്പത്തിലെയും കട്ടിളപ്പടിയിലെയും സ്വർണം നഷ്ടപ്പെട്ട കേസിൽ റിമാൻഡിലുള്ള ദേവസ്വം മുൻ അഡ്മിനിസ്ട്രേഷൻ ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വാദം കേൾക്കുന്നതിനായി ആറിലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്.
എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം നഷ്ടപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി പരിഗണിക്കാതെ തള്ളി. സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ തക്ക അസാധാരണ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ ബാബു ഹർജി നിരസിച്ചത്. ബന്ധപ്പെട്ട സെഷൻസ് കോടതിയെ സമീപിക്കാനും നിർദേശിച്ചു.
കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നും രോഗിയായ തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. തിരുവാഭരണം കമീഷണറായിരിക്കെ 2020ലാണ് ഹർജിക്കാരി വിരമിച്ചത്.
എൻ വാസുവിന്റെ മൊഴിയെടുത്തു
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിൽ പ്രത്യേക അന്വേഷക സംഘം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ മൊഴിയെടുത്തു.സ്വർണം പൂശാനുള്ള ശുപാർശയുള്ള എക്സിക്യുട്ടീവ് ഓഫീസറുടെ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് എൻ വാസു മൊഴി നൽകിയത്. കട്ടിളപ്പാളികൾ കൊണ്ടുപോവുമ്പോൾ താൻ കമീഷണറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments