print edition ശിൽപ്പപാളിയിലെ സ്വർണ മോഷണം ; ഉണ്ണിക്കൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി

തിരുവനന്തപുരം
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി പലവണയായി 70 ലക്ഷത്തോളം രൂപ വാങ്ങിയതായി സ്വര്‍ണവ്യാപാരിയായ ഗോവര്‍ധൻ മൊഴി നൽകി. എന്നാൽ പ്രത്യേക അന്വേഷക സംഘം ഈ മൊഴി പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ഇവിടെവെച്ച് ഉരുക്കിയശേഷം ബാക്കിവന്ന 476 ഗ്രാം ഗോവര്‍ധന് വിറ്റിരുന്നു.
ഈ സ്വര്‍ണം അന്വേഷണസംഘം ബെല്ലാരിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ശബരിമല മേൽശാന്തിയുടെ സഹായിയെന്ന് പറഞ്ഞാണ് ഗോവര്‍ധനുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബന്ധം സ്ഥാപിച്ചത്. ഗോവര്‍ധനടക്കമുള്ളവര്‍ ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ എല്ലാസൗകര്യവും പോറ്റി ഏര്‍പ്പാടാക്കിയിരുന്നു. പത്തുവര്‍ഷമായി പോറ്റിയുമായി ബന്ധമുണ്ടെന്നും ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി.
കേസിലെ പ്രതികളായ മറ്റ് ദേവസ്വം ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യംചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, തിരുവാഭരണം മുൻ കമീഷണർ കെ എസ് ബൈജു എന്നിവരെയും വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. 2019ൽ ബോർഡ് തീരുമാനം മറികടന്ന് ശിൽപ്പപാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് എസ് ജയശ്രീയാണ്. തിരുവാഭരണം മുൻ കമീഷണർ കെ എസ് ബൈജു ശിൽപ്പപാളികൾ ഇളക്കുന്ന സമയത്ത് സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചില്ല.









0 comments