ശബരിമല ശിൽപ്പപാളിയിലെ സ്വർണമോഷണം
print edition ഉണ്ണിക്കൃഷ്‌ണൻ പോറ്റി തട്ടിയെടുത്തത് 2 കിലോ സ്വർണം


സ്വന്തം ലേഖകൻ
Published on Oct 18, 2025, 12:14 AM | 2 min read
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ രണ്ടുകിലോ സ്വർണമാണ് മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ചതിയിലൂടെ തട്ടിയെടുത്തതെന്ന് പ്രത്യേക അന്വേഷകസംഘത്തിന്റെ (എസ്‌ഐടി) റിമാൻഡ് റിപ്പോർട്ട്. 42,800 ഗ്രാം വരുന്ന സ്വർണംപതിച്ച തകിടുകളും അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ കൈക്കലാക്കി ബംഗളൂരുവിലും ഹൈദരാബാദിലും കൊണ്ടുപോയി ദുരുപയോഗം ചെയ്‌തശേഷം ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് 394.900 ഗ്രാം സ്വർണംമാത്രം പൂശി ബാക്കി സ്വർണം കൈക്കലാക്കുകയായിരുന്നു.
കേസിൽ 10 പ്രതികളാണുള്ളത്. ദേവസ്വം അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ്‌കുമാർ, ദേവസ്വം മുൻ സെക്രട്ടറി എസ് ജയശ്രീ, മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ സുനിൽകുമാർ, മുൻ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ എസ് ശ്രീകുമാർ, മുൻ തിരുവാഭരണം കമീഷണർമാർ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്രപ്രസാദ്, മുൻ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവർ യഥാക്രമം രണ്ടുമുതൽ 10വരെ പ്രതികളാണ്. ഇവരെല്ലാം കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ നേതാക്കളും പ്രവർത്തകരുമാണ്.
ദേവസ്വംവക സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യതയുള്ള ഇൗ പ്രതികളുടെ ഒത്താശയിലാണ് ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയത്. ശിൽപ്പങ്ങളിലെ ചെന്പുതകിടുകൾ 1998ൽത്തന്നെ സ്വർണം പൊതിഞ്ഞതാണെന്ന് രണ്ടാംപ്രതി മുരാരി ബാബുവിന് അറിയാമായിരുന്നിട്ടും 2019ൽ ചെന്പുതകിടുകളെന്ന് എഴുതി വസ്‌തുതാവിരുദ്ധ റിപ്പോർട്ട് നൽകി. മൂന്നാംപ്രതിയും കൂട്ടുനിന്നു. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് അതിലെ സ്വർണം കൈവശപ്പെടുത്താൻ, മഹസർ തയ്യാറാക്കിയ സമയത്ത് ഇല്ലാതിരുന്നവരുടെ പേര് വ്യാജമായി എഴുതിച്ചേർത്തതും മൂന്നാംപ്രതിയാണ്. ദ്വാരപാലക ശിൽപ്പപാളികൾ ഇളക്കിയെടുത്ത് കൈമാറിയപ്പോൾ സ്ഥലത്തെത്തി മേൽനോട്ടം വഹിക്കേണ്ട ഏഴാംപ്രതിയായ തിരുവാഭരണം കമീഷണർ, ഓഫീസ് സ്‌മിത്തിനെ നിയോഗിച്ചില്ല. എട്ടാംപ്രതി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷനിൽവച്ച് ഇതിന്റെ തൂക്കം മഹസറുകളിലെ തൂക്കവുമായി ഒത്തുനോക്കി യില്ല.
ദ്വാരപാലക ശിൽപ്പപാളികൾ അനധികൃമായി പലസ്ഥലങ്ങളിലും വീടുകളിലും പ്രദർശിപ്പിച്ച് പൂജ നടത്താൻ ഒന്നാംപ്രതിക്ക് അവസരമൊരുക്കിയതും ഇവരാണ്. ശിൽപ്പപാളികൾ ശ്രീകോവിലിൽ സ്ഥാപിച്ചപ്പോഴും എട്ടാംപ്രതി ഹാജരായില്ല. ദേവസ്വം സ്‌മിത്തിനെയും അയച്ചില്ല. ശിൽപ്പപാളികൾ തിരികെ ശബരിമലയിലെത്തിച്ച് സ്ഥാപിച്ചപ്പോൾ തൂക്കം നോക്കാതെ ഒമ്പതും പത്തും പ്രതികൾ മഹസർ പേരിനുമാത്രം തയ്യാറാക്കി മുഖ്യപ്രതിയെ സഹായിക്കുകയും ചെയ്തു.









0 comments