ശിൽപ്പപാളിയിലെ സ്വർണമോഷണം
print edition ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനധികൃത ഭൂമി ഇടപാട്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അനധികൃത ഭൂമി ഇടപാടുകൾ അന്വേഷക സംഘം കണ്ടെത്തി. സ്പോൺസർഷിപ്പിലൂടെയും അല്ലാതെയുമായി തട്ടിയ പണം ഉപയോഗിച്ച് ഇയാൾ വസ്തു ഇടപാട് നടത്തിയിരുന്നതായാണ് വിവരം. സംസ്ഥാനത്തും ബംഗളൂരുവിലുമായി പല വസ്തുഇടപാടുകളും നടത്തിയിരുന്നതിന്റെ രേഖകൾ വീട്ടിലെ പരിശോധനയ്ക്കിടെ പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പോറ്റി നടത്തിയിരുന്നതായാണ് വിവരം.
വീടിന്റെ വശത്തായി പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചനിലയിൽ കണ്ടെത്തിയത് കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ശബരിമലയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റെന്നും ഇത് പങ്കിട്ടെടുത്തെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി സമ്മതിച്ചതായാണ് വിവരം. പലഘട്ടങ്ങളിലായി സ്വർണം മോഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ബംഗളൂരു സ്വദേശിയുമായ കൽപേഷ്, ഹൈദരാബാദിൽ സ്വർണപ്പണി സ്ഥാപനത്തിന്റെ ഉടമയായ നാഗേഷ് എന്നിവരെ അന്വേഷക സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ കൽപേഷാണെന്നാണ് പോറ്റിയുടെ മൊഴി.









0 comments