print edition 'റീൽസിൽ’ ഒതുങ്ങി റിക്രൂട്ട്‌മെന്റ് ഏജൻസികൾ; സ്പോൺസർഷിപ് സമരം പാളി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നഴ്‌സുമാരെ അണിനിരത്തി യുഎൻഎ നടത്തിയ സ്പോൺസർഷിപ് സമരം പാളി. സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനും വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടാനുമുള്ള ഗൂഢനീക്കമായിരുന്നു സമരത്തിന് പിന്നിൽ.
കോൺഗ്രസ്–എസ്‌യുസിഐ സഖ്യം നയിക്കുന്ന സമരത്തിന് വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് സാമ്പത്തിക സഹായം നൽകുന്നത്. ഇൗ ഏജൻസികളുടെ നേതൃത്വത്തിൽ സമരകേന്ദ്രങ്ങളിലെത്തി റീൽസ് തയ്യാറാക്കാൻ ഡിജിറ്റൽ മീഡിയാ സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിനെതിരെയുള്ള വാചകങ്ങൾ പറയിപ്പിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അടിസ്ഥാനവേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെങ്കിലും ഇതിൽ തീരുമാനമെടുക്കേണ്ട ആശുപത്രി മാനേജുമെന്റുകൾക്കുപകരം സർക്കാരിനെ ലക്ഷ്യംവച്ച് വ്യക്തിപരമായ അധിക്ഷേപങ്ങളാണ് യുഎൻഎ ഉയർത്തുന്നത്.
കഴിഞ്ഞദിവസം ലേബർ കമീഷണർ ചർച്ച വിളിച്ചെങ്കിലും യുഎൻഎ പങ്കെടുത്തിരുന്നില്ല. ഈ ചർച്ചയെക്കുറിച്ച് സമരത്തിനെത്തിയ സാധാരണക്കാരായ നഴ്‌സുമാരെ അറിയിക്കുകയുംചെയ്തില്ല. വേതന വർധനയിൽ മാനേജ്‌മെന്റുകളെ സമ്മർദത്തിലാക്കുന്നതിന് പകരം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വലതുപക്ഷത്തിന് തെരഞ്ഞെടുപ്പ് സഹായം നൽകാനാണ് സംഘടനയുടെ ശ്രമം.
കഴിഞ്ഞദിവസം മിനിമം വേതനം പുനക്രമീകരിച്ച് സർക്കാർ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആശുപത്രികൾക്ക് ഇതിലുമധികം തുക നൽകാൻ തടസ്സമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. സർക്കാരിന്റെ ഉറപ്പ് അവഗണിച്ചാണ് സമരം തുടരാൻ യുഎൻഎ നിർബന്ധം പിടിച്ചത്. മന്ത്രിമാരെ അനാവശ്യമായി അധിക്ഷേപിക്കുന്ന ശൈലിയും സമരക്കാർക്കിടയിൽനിന്നുതന്നെ ഉണ്ടായി.
രാഷ്ട്രീയ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് നഴ്‌സുമാർ പിന്മാറിയതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും സമരം പൊളിഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് മാത്രമാണ് സമരം. മറ്റ് ജില്ലകളിലെല്ലാം ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലായി.










0 comments