ഇന്റർസോൺ കലോത്സവത്തിൽ യുഡിഎസ്‌എഫ് അക്രമം

യുഡിഎസ്‌എഫുകാർ ആക്രമിച്ച താനൂർ ഗവൺമെൻറ് കോളേജിലെ യുയുസി മുഹമ്മദ് സനദ്
വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ യുഡിഎസ്‌എഫ് അക്രമം. യൂണിയന് എസ്എഫ്ഐ നേതൃത്വം നൽകുന്ന ക്യാമ്പസുകളിൽനിന്ന് എത്തുന്നവർക്കെതിരെയാണ് സംഘം അക്രമം അഴിച്ചുവിടുന്നത്.
ഇന്റർസോൺ കലോത്സവത്തിന്റെ ആദ്യദിവസം തന്നെ ഭക്ഷണം കഴിക്കാൻ എത്തിയ തൃശൂർ സെന്റ് തോമസ് കോളേജിലെ യൂണിയൻ ഭാരവാഹികളെ കലോത്സവത്തിന്റെ ഭക്ഷണശാലയ്ക്ക് സമീപം വെച്ച് ആക്രമിക്കുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറി ഹാത്തിഫ് എന്ന വിദ്യാർഥിയെ മർദ്ദിക്കുകയും, എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ കലോത്സവ നഗരിയിൽ എത്തിച്ചേർന്നാൽ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കിറ്റ് മത്സരം നടക്കുന്ന വേദി നാലിൽ മത്സരത്തിന് തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിക്കുകയും ഉണ്ടായി. താനൂർ ഗവൺമെൻറ് കോളേജിലെ യുയുസി മുഹമ്മദ് സനദിനും മാരകമായി മർദ്ദനമേറ്റു.
സംഭവം അറിഞ്ഞ് ക്യാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം സുജിൻ എന്നിവരെയും എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചു. സംഘർഷം നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.









0 comments