യുഡിഎഫ് സർക്കാർ വഞ്ചിച്ചു; ആശ വർക്കർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം നടപ്പാക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് സമരം. ഇന്‍സെന്റീവ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മെഡിക്കല്‍ ലീവ് അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്.
സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരപരിപാടികള്‍ പ്രഖ്യാപിച്ചത്.ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (CITU) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഈ മാസം 11 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധികാരത്തിലെത്തിയാല്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 2026 മേയില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഓണറേറിയത്തില്‍ 3,000 രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ 9,000 രൂപയായിരുന്ന പ്രതിമാസ ഓണറേറിയം 12,000 രൂപയായി ഉയര്‍ന്നു.വാഗ്ദാനം ചെയ്ത 21,000 രൂപ പൂര്‍ണമായി നടപ്പാക്കിയില്ലെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.








0 comments