print edition യു പ്രതിഭയെ അപമാനിച്ച ലീഗ് നേതാവിനെതിരെ കേസ്

യു പ്രതിഭ എംഎൽഎ
ആലപ്പുഴ : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ പരസ്യമായി അപമാനിച്ച യുഡിഎഫ് മണ്ഡലം കൺവീനർക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് നേതാവുകൂടിയായ എ ഇർഷാദിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സ്‌ത്രീകളുടെ അഭിമാനം ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധം തെറ്റായ പ്രസ്‌താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ചൊവ്വാഴ്‌ച നടന്ന യുഡിഎഫ് കൺവൻഷനിലാണ് അധിക്ഷേപം. കെ സി വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, സ്ഥാനാർഥി എം ലിജു തുടങ്ങിയവരെ സാക്ഷിനിർത്തിയായിരുന്നു എ ഇർഷാദിന്റെ അപമാനിക്കൽ. പരാമർശത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിരുന്നു. പരാതി ഉയർന്നതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കലക്‌ടറോട് പ്രശ്‌നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു.
വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ആക്ഷേപകരമായ പരാമർശത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ കേസെടുക്കാൻ കലക്‌ടർ കെ ഇമ്പശേഖർ നിർദേശിച്ചു. അധിക്ഷേപം പരിഭ്രാന്തിയുടെ ഭാഗം: മുഖ്യമന്ത്രി കൊച്ചി എൽഡിഎഫ് മുന്നേറ്റത്തിൽ യുഡിഎഫിനുണ്ടായ പരിഭ്രാന്തിയുടെ ഭാഗമാണ് കായംകുളത്തെ എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുരംഗത്തുള്ള സ്‌ത്രീയെ അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിലാണ് പൊതുവേദിയിൽ അപമാനിച്ചത്. നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പരാമർശമാണുണ്ടായത്. വ്യക്തികളുടെ അന്തസ് പാലിച്ചാകണം വിമർശം. അങ്ങേയറ്റം തെറ്റായ പരാമർശമാണ് യുഡിഎഫ് നേതാവ് നടത്തിയത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാലടക്കം വേദിയിലുണ്ടായിരുന്നു. ഒരു സഹോദരിക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമർശം നടത്താനായത്. പൊതുരംഗത്തുള്ള സ്‌ത്രീയെ ഇത്തരത്തിൽ അപമാനിച്ചത് ശരിയാണോ. അങ്ങനെ കാണുന്നതുതന്നെ മനോവൈകൃതമാണ്. കേരളീയ സമൂഹത്തിന് അംഗീകരിക്കാനാകാത്ത ആക്ഷേപമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments