പത്തനംതിട്ടയിൽ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാളെ കാണാതായി: തിരച്ചിൽ തുടരുന്നു

കോയിപ്രം: പത്തനംതിട്ടയിൽ ഫൈബർ വള്ളം മറിഞ്ഞ് രണ്ടു മരണം. കോയിപ്രം നെല്ലിക്കൽ മാരൂ പറമ്പിൽ മിഥുൻ (30), കിടങ്ങന്നൂർ തങ്ങചേത്ത് മുകളിൽ രാഹുൽ (29) എന്നിവരാണ് മരിച്ചത്. കോയിപ്രം നെല്ലിക്കൽ തൃക്കണ്ണാം പുഞ്ചയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞാണ് അപകടം. ഒരാളെ കാണാതായി.
ഞായറാഴ്ച വൈകിട്ട് 6.30നാണ് നാടിനെ നടുക്കുന്ന സംഭവം. അഗ്‌നിരക്ഷാ സേന രാത്രി 9 വരെ തെരച്ചിൽ നടത്തിയെങ്കിലും മൂന്നാമത്തെ ആളെ കണ്ടെത്താനായില്ല. മരിച്ചവരുടെ സുഹൃത്ത് ദേവനെയാണ് കാണാതായത്. പെയ്ത്ത് വെള്ളം നിറഞ്ഞ് കിടന്ന പാടത്ത് പമ്പാനദി കരകവിഞ്ഞതോടെ ജല നിരപ്പ് ഉയർന്നിരുന്നു. മീൻ പിടിക്കാനായി ഇവർ വള്ളത്തിൽ കരയിൽ നിന്ന് 100 മീറ്ററോളം അകലെ എത്തിയപ്പോഴേക്കും വള്ളം മറിയുകയായിരുന്നു.
അഗ്‌നിരക്ഷാ സേന എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടു പേരുടെ മൃതദേഹം ലഭിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മാലക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച മിഥുൻ അവിവാഹിതനാണ്. മൂന്നാമനായുള്ള തിരച്ചിൽ തിങ്കൾ രാവിലെ പുനരാരംഭിച്ചു. പത്തനംതിട്ട തിരുവല്ല സ്കൂബ ടീമിന്റെ നേതൃത്യത്തിലാണ് തിരച്ചിൽ നടക്കുന്നത്.









0 comments