'വെള്ളം വരുന്നത് കോർപറേഷന്റെ ഓടകളിൽ നിന്നല്ല'; തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ വിചിത്ര വാദവുമായി മേയർ

തിരുവനന്തപുരം: ശനിയാഴ്ച പെയ്ത ചെറിയ മഴയിൽ തന്നെ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിൽ മുങ്ങി. ബിജെപി ഭരിക്കുന്ന കോര്‍പറേഷന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാളിയെന്ന് ശക്തമായ വിമർശനമുയരുമ്പോൾ, അതിനെ പ്രതിരോധിക്കാൻ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മേയർ വി വി രാജേഷ്. നഗരത്തിൽ ഒഴുകിയെത്തുന്ന വെള്ളമൊക്കെ വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ല എന്നാണ് മേയറുടെ പുതിയ വാദം. നിലവിൽ വലിയ തോടുകളും ഓടകളും കോർപ്പറേഷന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളവയല്ലെന്നും, അതുകൊണ്ടുതന്നെ അവയ്ക്ക് മുകളിൽ സ്ലാബ് ഇടാനോ മറ്റ് അറ്റകുറ്റപ്പണികൾ നടത്താനോ കോർപ്പറേഷന് നിയമപരമായി സാധിക്കില്ലെന്നും പറഞ്ഞാണ് മേയർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്.
അതേസമയം, കോർപ്പറേഷന്റെ അശാസ്ത്രീയമായ മഴക്കാലപൂർവ ശുചീകരണമാണ് നഗരത്തെ ഇത്രയധികം ദുരിതത്തിലാക്കിയതെന്ന് ജനങ്ങൾ പറയുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ പഴവങ്ങാടി ക്ഷേത്രത്തിനു സമീപമുള്ള ആമയിഴഞ്ചാൻ തോടിന്റെ കരിങ്കൽഭിത്തി പൊളിച്ച് ജെസിബി ഉപയോഗിച്ച് ചെളി കോരിയിരുന്നു. എന്നാൽ, പലതവണ പരാതിപ്പെട്ടിട്ടും പൊളിച്ച ഭിത്തി ഒരു മാസത്തിലധികമായിട്ടും പുനർനിർമിക്കാൻ കോർപ്പറേഷൻ തയ്യാറായില്ല. ഇതിന്റെ ഫലമായി, ശനിയാഴ്ച പെയ്ത മഴയിൽ പൊളിഞ്ഞ ഭിത്തി വഴി വലിയ തോതിൽ മലിനജലം കരയിലേക്ക് ഒഴുകിയെത്തി. ചരിത്രത്തിൽ ആദ്യമായാണ് പഴവങ്ങാടി ഭാഗത്ത് ഇത്തരത്തിൽ മലിനജലം കരയിലേക്ക് ഒഴുകിപ്പടരുന്നത്. ഓടയിൽ നിന്ന് കോരിയിട്ടിരുന്ന ചെളിയും മാലിന്യവും പരിസരമാകെ ഒഴുകിപ്പടർന്നതോടെ ചാല ഉൾപ്പെടെയുള്ള നഗരഹൃദയത്തിൽ ദുർഗന്ധം പടർന്നു.
പഴവങ്ങാടി ക്ഷേത്രപരിസരം, തകരപ്പറമ്പ്, രാമചന്ദ്ര ലെയ്ൻ, കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം മലിനജലം കയറിയതോടെ വഴിയോരക്കച്ചവടക്കാരും യാത്രക്കാരും കടുത്ത ദുരിതത്തിലായി. പ്രദേശത്തെ നിരവധി വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും മലിനജലം ഇരച്ചുകയറി വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതിനുപുറമേ, കഴിഞ്ഞ മാസം ശുചീകരണത്തിനായി കോർപറേഷൻ ഇളക്കിമാറ്റിയ ഓടകളുടെ സ്ലാബുകൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നഗരത്തിൽ വെള്ളം ഉയർന്നതോടെ സ്ലാബ് മാറ്റിയ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നഗരത്തിലുണ്ടായ ഈ ദുരവസ്ഥയ്‌ക്കെതിരെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചു. കോർപറേഷൻ അനാസ്ഥ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും സിപിഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.










0 comments