പാർട്ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെൻഷൻ വർധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് പാർട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെൻഷൻ തുക വർധിപ്പിച്ചു. പ്രതിമാസം 2760 രൂപയിൽ നിന്ന് 4583 രൂപയാണ് പെൻഷൻ വർധനവ്. ഇതിനൊപ്പം വിരമിച്ച പാർട് ടൈം ജീവനക്കാരുടെ കുടുംബങ്ങൾക്ക് ചരിത്രത്തിൽ ആദ്യമായി ഫാമിലി പെൻഷൻ ഏർപ്പെടുത്താനും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
പാർട് ടൈം ജീവനക്കാരുടെ ഫാമിലി പെൻഷൻ പ്രതിമാസം 3375 രൂപയായിരിക്കും. ഏറെ നാളായുള്ള ജീവനക്കാരുടെ ആവശ്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സാക്ഷാത്കരിച്ചത്. ചരിത്രത്തിൽ ആദ്യമായി എക്സ്ഗ്രേഷിയ ഇൻല്യൂ പെൻഷൻകാർക്കും ഫാമിലി പെൻഷൻ ഏർപ്പെടുത്തി. 2011 ഫെബ്രുവരി 1നും നും 2017 മാർച്ച് 14നും ഇടയിൽ വിരമിച്ച എക്സ്ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ കുടുംബങ്ങൾക്കാണ് പ്രതിമാസം 4583 രൂപ ഫാമിലി പെൻഷൻ അനുവദിച്ചത്. ഇതേ കാലയളവിൽ വിരമിച്ച എക്സ്ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ പെൻഷൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 2760 രൂപയായിരുന്നത് 4585 രൂപയായാണ് വർധിപ്പിച്ചത്.
1985 ഏപ്രിൽ 1നു മുമ്പ് വിരമിച്ച എക്സ് ഗ്രേസിയ ഇൻല്യൂ പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ 4340 രൂപയിൽ നിന്ന് 5262 രൂപ ആയി വർധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 1നും .2017 മാർച്ച് 13നും ഇടയിൽ വിരമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ഫാമിലി പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 4340 രൂപയിൽ നിന്നും 5262 രൂപയായാണ് വർധിപ്പിച്ചത്.
പെൻഷൻ വർധനയും പുതിയ പെൻഷനുകൾ ഏർപ്പെടുത്തുന്നതും ദേവസ്വം ബോർഡിന് സാമ്പത്തിക ബാധ്യത വരുത്തുമെങ്കിലും ജീവനക്കാരുടെ ക്ഷേമത്തിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഥമ പരിഗണന നൽകുന്നതെന്നും അതിനാൽ ജീവനക്കാരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ ബോർഡ് പ്രതിജ്ഞാ ബദ്ധമാണെന്നും പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ. എ അജികുമാർ, അഡ്വ. പി ഡി സന്തോഷ്കുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments