അമേരിക്കയുടെ ‘പ്രതികാരച്ചുങ്കം’ ; ചെമ്മീൻ കയറ്റുമതി മേഖലയ്‌ക്ക് വൻ തിരിച്ചടി

ആർ ഹേമലത
Published on Apr 05, 2025, 01:15 AM | 1 min read
കൊച്ചി : കടലാമയുടെ പേരിലുള്ള നിരോധനത്തിനുശേഷം അമേരിക്കയുടെ ‘പ്രതികാരച്ചുങ്കം’കൂടി നടപ്പിൽവരുന്നതോടെ, ഇന്ത്യയിലെ ചെമ്മീൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ധർ. ഇന്ത്യയിൽനിന്നുള്ള ചെമ്മീന് അമേരിക്ക ഏർപ്പെടുത്തിയിരുന്ന പരമാവധി ചുങ്കം ഏകദേശം എട്ട് ശതമാനമായിരുന്നു. ഇത് 27 ശതമാനമാക്കുകയാണ്.
ആഭ്യന്തരോൽപ്പാദകർക്ക് തുല്യത ഉറപ്പാക്കുകയും അന്യായ മത്സരം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ചുമത്തുന്ന കൗണ്ടർ വെയിലിങ് ഡ്യൂട്ടി (സിവിഡി)യും ആന്റി ഡംപിങ് ഡ്യൂട്ടിയുംകൂടി ചേർത്താൽ ചുങ്കം 34 ശതമാനത്തോളമാകും. അതേസമയം, അമേരിക്കയിലേക്ക് ഇക്വഡോറിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് 10 ശതമാനംമാത്രമാണ് ചുങ്കം. ഇത് ഇന്ത്യൻ കയറ്റുമതിമേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ്.
ബസുമതി അരിയും എരുമയിറച്ചിയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക കയറ്റുമതി ഉൽപ്പന്നങ്ങളിലൊന്നാണ് സമുദ്രോൽപ്പന്നങ്ങൾ. ഇന്ത്യയുടെ ചെമ്മീൻവ്യവസായത്തിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. രാജ്യത്തിന്റെ മൊത്തം ചെമ്മീൻകയറ്റുമതിയുടെ 40 ശതമാനവും അമേരിക്കയിലേക്കാണ്. 2023-24ൽ ഇന്ത്യ 7,16,004 ടൺ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതിൽ 2,97,571 ടൺ അമേരിക്കയിലേക്കായിരുന്നു. എന്നാൽ, പുതിയ സാഹചര്യം, യുഎസ് വിപണിയിൽ ഇന്ത്യൻ ചെമ്മീനിന്റെ മത്സരക്ഷമത കുറയ്ക്കും. ഇക്വഡോറിൽനിന്ന് കുറഞ്ഞ നിരക്കിൽ ചെമ്മീൻ ഇറക്കുമതി ചെയ്യാനാകുമെന്നതിനാൽ അമേരിക്കൻ മാർക്കറ്റ് അവിടെ കേന്ദ്രീകരിക്കും. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.
കേരളത്തിലെ 130ഓളം കയറ്റുമതി സംസ്കരണശാലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി അഡ്വ. യേശുദാസ് പറപ്പിള്ളി പറഞ്ഞു. 3800 ട്രോൾ ബോട്ടുകളാണ് കയറ്റുമതിപ്രധാനമായ ചെമ്മീനുകൾ പിടിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയ്‌ക്കും തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.









0 comments