ad
Deshabhimani

ട്രാക്കിൽ മണ്ണിടിഞ്ഞ് വീണു; ഷൊർണൂർ- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി

train-delay-thrissur-landslide
വെബ് ഡെസ്ക്

Published on Jun 28, 2025, 08:51 PM | 1 min read

തൃശൂർ: മുള്ളൂർക്കര: റെയിൽപാളത്തിന്റെ സുരക്ഷാഭിത്തിയിടിഞ്ഞു. പാളത്തിലെ കല്ലുകൾ മണ്ണിടിച്ചിലിനെത്തുടർന്ന്‌ ഇളകിപ്പോയി. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി– മുള്ളൂർക്കര റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ അകമല റെയിൽവേ പാലത്തിന് സമീപം ശനി പകൽ മൂന്നരയോടെയാണ്‌ സംഭവം. കോഴിക്കോട്‌– തിരുവനന്തപുരം ജനശതാബ്ദി കടന്ന്‌ പോയശേഷമാണ്‌ അപകടമുണ്ടായത്‌. കഴിഞ്ഞ മഴക്കാലത്ത്‌ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഈ പ്രദേശത്ത്‌ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെയാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. അഞ്ച്‌ മണിക്കൂറിനു ശേഷമാണ്‌ തൃശൂർ– ഷൊർണൂർ മേഖലയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്‌.


തിരുവനന്തപുരം വന്ദേഭാരത്‌, പാലുരുവി എക്‌സ്‌പ്രസ്‌ തുടങ്ങി 3.30ന്‌ ശേഷം ഈ ട്രാക്കിലൂടെ കടന്ന്‌ പോകുന്ന എല്ലാ ട്രെയിനുകളും രണ്ടു മണിക്കൂറോളം വൈകി. ലോക്‌മാന്യ തിലക്‌- കൊച്ചുവേളി ഗരീബ്‌രത്‌ എക്‌സ്‌പ്രസ്‌ മൂന്നു മണിക്കൂറിലധികം വള്ളത്തോൾ നഗർ സ്‌റ്റേഷനിൽ പിടിച്ചിട്ടു. തൃശൂർ നിന്ന്‌ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തി വിട്ടാണ്‌ ഗതാഗതം ക്രമീകരിച്ചത്‌. ഇതിനെ തുടർന്ന്‌ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും വൈകി. ഷൊർണൂർ സ്‌റ്റേഷൻ വഴി പോകുന്ന ട്രെയിനുകൾ ഒരു മണിക്കൂറോളമാണ്‌ വൈകിയത്‌. ഇത്‌ മലബാർ മേഖലയിലേക്കുള്ള ട്രെയിനുകളെ ബാധിച്ചു.


ഷൊർണൂർ സ്‌റ്റേഷനിൽ കയറാതെ പാലക്കാട്‌ പോകുന്നവ 30 മിനിറ്റാണ്‌ വൈകിയത്‌. ഷൊർണൂർ ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന ട്രെയിനുകൾ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലും, ഷൊർണൂർ സ്റ്റേഷനിലും പിടിച്ചിട്ടു. തൃശൂരിൽ നിന്നും ഷൊർണൂരിൽ നിന്നുമുള്ള റെയിൽവെ ജീവനക്കാർ സ്ഥലത്തെത്തിയാണ്‌ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home