ad
Deshabhimani

print edition ടൂറിസം ഓണം വാരാഘോഷം 24 മുതൽ 30 വരെ

onam celebration tourism
വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ 35 വേദിയിലായി നടക്കും. 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും. വൈകിട്ട്‌ 5.30ന് ശോഭനയുടെ നൃത്തപരിപാടി. 21ന്‌ കോവളത്തുനിന്ന് ആരംഭിക്കുന്ന വിളംബര, പതാക ഘോഷയാത്ര വിവിധ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി 23ന് കനകക്കുന്നിൽ സമാപിക്കും. 30നാണ്‌ ഓണം ഘോഷയാത്ര. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പങ്കെടുക്കും. മാനവീയം വീഥിയിൽനിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ തുടങ്ങി കിഴക്കേകോട്ടയിൽ ഘോഷയാത്ര സമാപിക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ ഫ്ലോട്ടുകളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഫോക്‌ കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങളും അണിനിരക്കും.


ഘോഷയാത്ര വീക്ഷിക്കുന്നതിന് വിവിധ പവിലിയനുകൾ ഉണ്ടാകും. ഉദ്ഘാടന പവിലിയൻ മാനവീയത്തിനു സമീപവും വിവിഐപി പവിലിയനുകൾ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവയ്‌ക്ക്‌ സമീപവും ജഡ്ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനു സമീപവും സജ്ജമാക്കും. വിദേശ വിനോദസഞ്ചാരികൾക്ക് പ്രത്യേക പവിലിയൻ ഒരുക്കും. വിവിധ വേദികളിലായി 340-ലേറെ പരിപാടികളാണ് അരങ്ങേറുക. സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി മൂവായിരത്തോളം കലാകാരന്മാരും അണിയറപ്രവർത്തകരും പങ്കെടുക്കും.


നിശാഗന്ധി, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര എന്നിവിടങ്ങൾ പ്രധാന വേദികളാകും. കോവളവും ഓണാഘോഷ വേദിയായി ഉൾപ്പെടുത്തി. കവടിയാർമുതൽ അട്ടക്കുളങ്ങരവരെയും ശാസ്തമംഗലംമുതൽ വെള്ളയമ്പലംവരെയുമാണ്‌ ദീപാലങ്കാരം. പരിപാടികളുടെയും വേദികളുടെയും വിവരങ്ങൾ ലഭിക്കാൻ ക്യുആർ കോഡ് സംവിധാനമുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ആഘോഷം. വിവിധ ജില്ലകളിലും ഓണാഘോഷ വേദികളൊരുക്കുമെന്ന്‌ മന്ത്രി പി സി വിഷ്‌ണുനാഥ്‌ വർത്താസമ്മേളനത്തിൽ അറിയിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home