ഭീതി ഒഴിഞ്ഞു; നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ

പുൽപള്ളി: പുൽപള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി. ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവയെ പൂപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പത്ത് ദിവസമായി പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ 5 ആടുകളെയാണ് കടുവ കൊന്നത്.
കടുവയെ പിടികൂടാൻ വലിയ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. കഴിഞ്ഞദിവസം കൂട്ടിനടുത്തു വരെ വന്ന കടുവ കൂട് അടഞ്ഞുപോയതിനാൽ തലനാരിഴയ്ക്ക് രക്ഷപെട്ടിരുന്നു. അഞ്ച് കൂടുകളാണ് മൊത്തം സ്ഥാപിച്ചത്. മാങ്ങാകണ്ടി, തൂപ്ര ഭാഗങ്ങളിൽ സ്ഥാപിച്ച കൂടുകളിലേക്ക് കടുവയെ ആകർഷിക്കാൻ ഇവയുടെ രൂപമാറ്റം വരുത്തി ആട്ടിൻ കൂടുപോലെയാക്കിയിരുന്നു. 32 കാമറ ട്രാപ്പുകളും രണ്ട് ലൈവ് കാമറയും സ്ഥാപിച്ചു. പുൽപ്പള്ളി, ഇരുളം, വണ്ടിക്കടവ് സ്റ്റേഷനിലെ ജീവനക്കാരും മാനന്തവാടി ആർആർടി സംഘവുമായിരുന്നു രാവും പകലും ഇല്ലാതെ കടുവക്കായി തിരച്ചിൽ നടത്തിയത്. സൗത്ത് വയനാട് ഡിഎഫ്‌ഒ അജിത് കെ രാമനും വെറ്ററിനറി ഡോക്ടർമാരായ ഡോ. അജേഷ് മോഹൻദാസ് ഡോ.ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ വെറ്ററിനറി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തെർമൽ ഡ്രോണും നോർമൽ ഡ്രോണും ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. കുങ്കി ആനകളെ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ സജ്ജമാക്കിനിർത്തിയിരുന്നു.









0 comments