തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം
മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കല്യാൺ ജൂവലേഴ്സും എം എ യൂസഫലിയും

ടി എസ് കല്യാണരാമൻ(ഇടത്) അപകം നടന്ന സ്ഥലം(നടുവില്‍) എം എ യൂസഫലി (വലത്)
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ടി എസ് കല്യാണരാമൻ അറിയിച്ചു. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായും കല്യാണരാമൻ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾ ഒരു ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നൽകുമെന്ന് എം എ യൂസഫലിയും അറിയിച്ചു.
അപകടത്തെ സവിശേഷ ദുരന്തമായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരാണ് അന്വേഷിക്കുക. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നു. മൂന്ന് മണിക്കൂറിലധികം സ്ഫോടനങ്ങൾ തുടർന്നതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രി കലക്ടറുടെയും കമീഷണറുടെയും സാന്നിധ്യത്തിൽ പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതും ആശങ്ക പരത്തി. പ്രദേശത്ത് ഇപ്പോഴും പരിശോധന നടക്കുകയാണ്. ഇന്ന് ചികിത്സയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 14 ആയി ഉയർന്നത്.










0 comments