ad
Deshabhimani

ഇലക്ട്രിക് ബസുകൾ നഗരസഭാ അതിർത്തിയിൽ മാത്രം ഓടണമെന്ന മേയറുടെ നിലപാട് അപക്വം: മന്ത്രി വി ശിവൻകുട്ടി

KSRTC SIVANKUTTY
വെബ് ഡെസ്ക്

Published on Dec 31, 2025, 05:51 PM | 2 min read

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ ഓടാവൂ എന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വവും സങ്കുചിതവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.


വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം കാണുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഈ പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണ്. പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത് എന്നിരിക്കെ മേയർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ പരിഹാസ്യമാണ്. ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അനേകം വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഈ 113 വാഹനങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


നിലവിൽ സർവീസ് നടത്തുന്നവയിൽ 50 വാഹനങ്ങൾ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, കെഎസ്ആർടിസി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ പ്രവർത്തിക്കുന്നത്. ഇവയുടെ മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ്വ സംവിധാനങ്ങളും ഒരുക്കുന്നത് കെഎസ്ആർടിസിയാണ് അല്ലാതെ കോർപ്പറേഷൻ ജീവനക്കാരല്ല. സർവീസ് കാര്യങ്ങൾ പരിശോധിക്കാനുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ മേയറാണ് എന്നതിനർത്ഥം ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാനുള്ള അധികാരം മേയർക്കുണ്ടെന്നല്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.


തിരുവനന്തപുരം കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു സ്വതന്ത്ര രാജ്യമൊന്നുമല്ലെന്നും ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിദേശത്തുനിന്നും ഒക്കെ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണിത്. നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാൻ നോക്കുന്നത് വികസന വിരുദ്ധമായ നിലപാടാണ്. മുൻ മേയർമാരായ വി കെ പ്രശാന്തും ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ കാഴ്ചപ്പാട് എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളിൽ ബോധ്യപ്പെടും. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കുതിരകയറാതെ പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാൻ മേയർ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home