തിരുവനന്തപുരം മെട്രോ: അനുമതി ലഭിച്ചാലുടൻ നിർമാണം, രണ്ടരവർഷത്തിനകം യഥാർഥ്യമാകും

കൊച്ചി: അനുമതികൾ ലഭിച്ചാൽ ഉടൻ തിരുവനന്തപുരം മെട്രോ നിർമാണം ആരംഭിക്കുമെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചില മാറ്റങ്ങൾ നിലവിലെ വിശദപദ്ധതി രേഖയിൽ വരുത്താനുണ്ട്. മാറ്റങ്ങൾ വരുത്തിയ ശേഷം ഒന്നരമാസത്തിനുള്ളിൽ വിശദ പദ്ധതി രേഖ സംസ്ഥാന മന്ത്രി സഭയുടെ അംഗീകാരത്തിന് സമർപിക്കും. അംഗീകാരത്തിന് ശേഷം കേന്ദ്രമന്ത്രിസഭക്ക് കൈമാറും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണത്തിലേക്ക് കടക്കുമെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
എത്രയും വേഗം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അനുമതികൾക്കായി ആറ് മാസമാണ് പ്രതീക്ഷിക്കുന്നത്. ആസൂത്രണം ചെയ്‌തിരിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ രണ്ടരവർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ കഴിയും. കൊച്ചി മെട്രോ മാതൃകയിലാകും പദ്ധതി. പദ്ധതിതുകയുടെ 20 ശതമാനം വീതം കേന്ദ്ര– സംസ്ഥാന സർക്കാർ വഹിക്കും. 60 ശതമാനം തുക വായ്‌പയാകും. സർക്കാർ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ വായ്‌പാതുക കുറയും. 7800–8000 കോടിയുടേതാകും പദ്ധതി.
അത്യാധുനിക സാങ്കേതി വിദ്യകളും കൂടി ചേരുമ്പോൾ നിർമാണം വേഗത്തിൽ തീർക്കാൻ കഴിയും. വിഴിഞ്ഞം വരെ നീട്ടാൻ കഴിയും വിധത്തിലാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഭാവിയിൽ തിരുവനന്തപുരം പൂർണമായും ഉൾപ്പെടുത്താൻ കഴിയും. ഡിജിറ്റൽ ടിക്കറ്റിങ്, നടപ്പാത, ഇലക്ട്രിക് ഓട്ടോ, ബസ് അടക്കമുള്ള ഫീഡർ സർവീസുകൾ ഉൾപ്പെടെ തിരുവനന്തപുരത്തുണ്ടാകും. മുഴുവൻ സ്‌റ്റേഷനുകളിലും പാർക്കിങ് ഉറപ്പാക്കും. സ്ഥലലഭ്യത ഇല്ലാത്തയിടങ്ങളിൽ മൾടിലെവൽ പാർക്കിങ് ഒരുക്കും.
കൊച്ചിയിൽ പ്രതിദിനമുള്ള യാത്രക്കാരുടെ അത്രമോ, അതിൽ കൂടുതലോ ആണ് തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം 2026 ഡിസംബറിൽ തീരും. കേന്ദ്രം തന്ന സമയത്തിന് മുന്പേ അവിടെ പൂർത്തിയാകുമെന്നും ബെഹ്‌റ പറഞ്ഞു.









0 comments