തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരമാക്കി: ബിജെപിയുടെ നഗരഭരണം വൻ പരാജയം: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയെ നയിക്കുന്നതിൽ ബിജെപി ഭരണസമിതി തീർത്തും പരാജയപ്പെട്ടെന്ന് വിദ്യഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി. നഗരത്തിലെ മാലിന്യസംസ്‌കരണം താളംതെറ്റിയെന്നും തെരുവുവിളക്കുകൾ കത്താത്തതും തെരുവുനായ ശല്യവും കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന മേയർ വി വി രാജേഷിന്റെ പ്രസ്താവന നഗരവാസികളോടുള്ള വെല്ലുവിളിയാണ്. കേരള മുനിസിപ്പാലിറ്റി ആക്ട് (സെക്ഷൻ 315 ബി) പ്രകാരം ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കാൻ നഗരസഭയ്ക്ക് പൂർണ്ണ അധികാരമുണ്ട്. വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മേയർ ശ്രമിക്കുന്നത്. 40 ദിവസത്തിനകം വികസന ബ്ലൂ പ്രിന്റ് കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ ഇന്ന് സാധാരണക്കാരന്റെ കുടിവെള്ളത്തിന് പോലും ഗ്യാരണ്ടി നൽകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വിളപ്പിൽശാല തകർത്തത് ബിജെപിയും യുഡിഎഫും
വിളപ്പിൽശാല മാലിന്യസംസ്‌കരണ പ്ലാന്റ് തകർത്തത് വി ശിവൻകുട്ടിയാണെന്ന മേയറുടെ ആരോപണം ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1995ൽ താൻ മേയറായിരുന്ന കാലത്താണ് 'ഗ്രീൻ സിറ്റി ക്ലീൻ സിറ്റി' പദ്ധതിയിലൂടെ വിളപ്പിൽശാല പ്ലാന്റിന് തുടക്കമിട്ടത്. എൽഡിഎഫ് ഭരണസമിതികൾ വിജയകരമായി കൊണ്ടുപോയ ഈ പദ്ധതി 2011ൽ ഉമ്മൻചാണ്ടി സർക്കാരും ബിജെപിയും ചേർന്നാണ് അട്ടിമറിച്ചതെന്ന് മന്ത്രി പറഞ്ഞു.
"വി.വി. രാജേഷ് എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കിയാൽ തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ തകിടം മറിച്ചത് ആരാണെന്ന് വ്യക്തമാകും." - മന്ത്രി പറഞ്ഞു
നിയമപരമായ ചുമതലകൾ മറക്കുന്ന ഭരണസമിതി
മുനിസിപ്പാലിറ്റി നിയമപ്രകാരം നഗരസഭ നിർവ്വഹിക്കേണ്ട പ്രാഥമിക കടമകളിൽ പോലും ഭരണസമിതി പരാജയപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു:
മാലിന്യസംസ്‌കരണം: സെക്ഷൻ 326-340 പ്രകാരം നഗരം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. എന്നാൽ ഇന്ന് ഹരിതകർമ്മ സേനയുടെ പ്രവർത്തനം പലയിടത്തും താളംതെറ്റി.
തെരുവുവിളക്കുകൾ: സെക്ഷൻ 316 പ്രകാരം തെരുവുവിളക്കുകൾ ഉറപ്പാക്കേണ്ട നഗരസഭ നഗരത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്.
തെരുവുനായ നിയന്ത്രണം: വന്ധ്യംകരണവും വാക്സിനേഷനും വഴി തെരുവുനായ ശല്യം കുറയ്ക്കേണ്ടതിന് പകരം ഭരണാധികാരികൾ ഫയലുകളിൽ കുരുങ്ങിക്കിടക്കുകയാണ്.
മാലിന്യസംസ്‌കരണം എന്നത് കേവലം ഫോട്ടോ എടുക്കാനോ റീൽസ് ഷൂട്ട് ചെയ്യാനോ ഉള്ള പരിപാടിയല്ലെന്നും കൃത്യമായ പ്ലാനിംഗോടെ ചെയ്യേണ്ട ഒന്നാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഭരണാധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും മന്ത്രി വി ശിവൻകുട്ടി ആഹ്വാനം ചെയ്തു.










0 comments