Deshabhimani

The Last Breath: ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ 50 അരങ്ങുകൾ

SEVEN1
വെബ് ഡെസ്ക്

Published on Oct 23, 2026, 02:48 PM | 2 min read



ഒരു ചരിത്ര ഭൂമി മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു.

ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ 50 അരങ്ങുകൾ!


ചരിത്രം ചിലപ്പോൾ ആവർത്തിക്കപ്പെടുന്നത് യാദൃച്ഛികമായിട്ടായിരിക്കാം. പക്ഷേ, ആ ആവർത്തനങ്ങൾ ചരിത്രത്തിന്റെ ചില മുറിവുകളെ വീണ്ടും ഓർമിപ്പിക്കുമ്പോൾ അതിന് കാലം കാത്തുവെച്ച ചില ഉത്തരങ്ങളുണ്ടാകും.


1975 ൽ ഇന്ത്യൻ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് ഭരണകൂട അടിച്ചമർത്തലിന് ഇരയാവുകയും ജയിൽവാസത്തിനിടെ ആരോഗ്യനില ഗുരുതരമായി തകരുകയും ചെയ്ത നാടകപ്രവർത്തകയും നർത്തകിയും , എഴുത്തുകാരിയും, രാഷ്ട്രീയ പ്രവർത്തകയും ആയ സ്നേഹലത റെഡ്ഡി 1977 ജനുവരി 20-നാണ് മരിച്ചത്. അവരുടെ ജീവിതവും പോരാട്ടവും അനുഭവിച്ച ഭരണകൂട പീഡനങ്ങളും ജനങ്ങളുടെ ഓർമകളിൽനിന്ന് മായ്ച്ചുകളയപ്പെടാതിരിക്കാനാണ് MISA The Last Breath അരങ്ങിലെത്തിയത്.


അവരുടെ മരണം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമായി മാത്രം കാണാനാവില്ല. ഭരണകൂട അധികാരവും മനുഷ്യാവകാശങ്ങളും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന ചരിത്രസന്ദർഭം കൂടിയാണത്. ആ ചരിത്രത്തെ പുതിയ തലമുറയുടെ മുന്നിലെത്തിക്കുകയും അതുയർത്തുന്ന ചോദ്യങ്ങൾ വർത്തമാനകാലത്തോട് ചോദിക്കുകയും ചെയ്യുക എന്നതാണ് ഈ നാടകത്തിന്റെ ലക്ഷ്യം.


ഈ നാടകയാത്രയ്ക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ടായിരുന്നു. വിയോജിപ്പുകളും എതിർപ്പുകളും ഉണ്ടായിരുന്നു. നാടകത്തെ തടയാനും അതിന്റെ ശബ്ദത്തെ ദുർബലപ്പെടുത്താനും നിരവധിതവണ ശ്രമങ്ങളുണ്ടായത് ഞങ്ങൾ അനുഭവിച്ചു. എന്നാൽ ഒരു കലാസൃഷ്ടിയുടെ യാത്ര അതിന്റെ സൃഷ്ടാക്കളുടെ മാത്രം യാത്രയല്ലെന്ന് കാലം തെളിയിച്ചു. പ്രേക്ഷകർ ഈ നാടകത്തെ ഏറ്റെടുത്തു. ഓരോ വേദിയും പുതിയൊരു സംവാദമായി. ഓരോ അവതരണവും ചരിത്രത്തോടുള്ള ഒരു ചോദ്യംചെയ്യലായി.


അങ്ങനെ, MISA അമ്പത് അരങ്ങുകൾ പൂർത്തിയാക്കി.


അതിലും ചരിത്രപരമായ ഒരു യാദൃച്ഛികതയുണ്ടായിരുന്നു അമ്പതാമത്തെ അവതരണത്തിന്.


കേരളത്തിന്റെ സമരചരിത്രത്തിൽ അധികാരമർദനത്തിനെതിരായ ജനകീയ ചെറുത്തുനിൽപ്പിന്റെ ശക്തമായ അടയാളമായ പുന്നപ്ര വയലാർ സമരഭൂമിയിൽ, ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ . ആ സമരത്തിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ സ്മൃതികൾ നിലകൊള്ളുന്ന മണ്ണിൽ MISA അതിന്റെ അമ്പതാമത്തെ അവതരണം പൂർത്തിയാക്കി.


ചരിത്രം ഓർമിക്കപ്പെടേണ്ട മണ്ണിൽ, ചരിത്രം മറക്കരുതെന്ന് ഓർമിപ്പിക്കുന്ന ഒരു നാടകം അമ്പതാം വേദിയിലെത്തുക!


ഇതൊരു നേട്ടം മാത്രമല്ല. ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററിനെ സംബന്ധിച്ചിടത്തോളം, കലയുടെ സാമൂഹിക ഉത്തരവാദിത്വത്തെയും രാഷ്ട്രീയ നാടകത്തിന്റെ പ്രസക്തിയെയും ഒരിക്കൽക്കൂടി അടയാളപ്പെടുത്തുന്ന നിമിഷമാണ്.


എന്നാൽ അമ്പത് അവതരണങ്ങൾകൊണ്ട് ഞങ്ങളുടെ ദൗത്യം പൂർത്തിയാകുന്നില്ല. ഒരു നാടകം അവാർഡുകളിലും അംഗീകാരങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ല. അത് കൂടുതൽ വേദികളിലെത്തണം. കൂടുതൽ മനുഷ്യർ കാണണം. പുതിയ തലമുറകൾ അതിനെക്കുറിച്ച് സംസാരിക്കണം. ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരണം. വിയോജിപ്പുകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്കും സംവാദങ്ങൾക്കും ഇടമുണ്ടാകണം.


കാരണം, ചരിത്രം കേട്ടറിയുന്നതുകൊണ്ടുമാത്രമല്ല, അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചോദ്യം ചെയ്യുകയും വ്യത്യസ്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും കേൾക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ സങ്കീർണതകൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്.


ഞങ്ങൾ ചരിത്രത്തെ പുനരാവിഷ്കരിക്കുന്നത് ഭൂതകാലത്തിൽ ജീവിക്കാനല്ല; ചരിത്രം ഉയർത്തുന്ന ചോദ്യങ്ങളെ വർത്തമാനകാലത്തിന്റെ മുന്നിൽ നിർത്താനാണ്.


അതിനാൽ, ഈ അമ്പതാമത്തെ അവതരണം ഒരു അവസാനമല്ല. കൂടുതൽ വേദികളിലേക്കും കൂടുതൽ മനുഷ്യരിലേക്കും കൂടുതൽ ചരിത്രസംവാദങ്ങളിലേക്കുമുള്ള യാത്രയുടെ തുടക്കമാണ്.


നിങ്ങളുടെ നാട്ടിലും നിങ്ങളുടെ വേദിയിലും ഈ നാടകം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ചരിത്രം കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കാനും അതിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നുണ്ടോ?


ഞങ്ങളുമായി ബന്ധപ്പെടുക. ഈ നാടകയാത്രയുടെ ഭാഗമാകുക. ചരിത്രത്തെക്കുറിച്ചുള്ള സംവാദങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കാം.


ജനാധിപത്യ പോരാട്ടത്തിൻ്റെ അമ്പത് അരങ്ങുകൾ പിന്നിടുമ്പോൾ സമരങ്ങൾക്ക് തിരശ്ശീലയില്ല.

ചോദ്യങ്ങൾക്ക് അതിരുകളില്ല.പ്രതിരോധത്തിന്റെ ശബ്ദത്തിന് അവസാനവുമില്ല.


MISA - THE LAST BREATH

ഒരു രാഷ്ട്രീയ ഡോക്യുമെന്ററി നാടകാവിഷ്കാരം.


ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ, കോഴിക്കോട് - +91 8136 898139



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home