print edition മദ്യം വ്യാപകമാക്കുന്ന നിർദേശം പിൻവലിക്കണം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : വീര്യം കുറഞ്ഞതെന്ന പേരിൽ മദ്യത്തിന് നികുതി കുറയ്‌ക്കുന്ന ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മദ്യവ്യാപനത്തിന് ഇടയാക്കുന്നതാണ് പ്രഖ്യാപനം. വകുപ്പുമന്ത്രിപോലും ഇത് അറിഞ്ഞില്ലെന്നത് മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന് തെളിയിക്കുന്നു. തെറ്റ് തിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിസഭയും തയ്യാറാകണം. വീര്യം കുറഞ്ഞ മദ്യത്തിന് ടൂറിസം താൽപ്പര്യമെന്ന പേരുപറഞ്ഞ് നികുതി കുറയ്‌ക്കാൻ നിർദേശം ഉയർന്നിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ അതിൽ തീരുമാനമെടുത്തിരുന്നില്ല.
വിൽക്കുന്നെങ്കിൽ സാധാരണ മദ്യത്തിനുള്ള 251 ശതമാനം നികുതി നൽകണം. റെഡി ടു ഡ്രിങ്ക് എന്ന പേരിലുള്ള മദ്യത്തിന്റെ വ്യാപനം പുതിയ വിഭാഗം മദ്യ ഉപഭോക്താക്കളെ സൃഷ്‌ടിക്കുമെന്നതിനാലാണ് സർക്കാർ നികുതി നിശ്‌ചയിക്കാതിരുന്നത്. തീരുമാനം നടപ്പിലായാൽ പുതിയ വിഭാഗക്കാർകൂടി ഇതിലേക്ക് ആകർഷിക്കപ്പെടും. ഇതുവരെ കുടിക്കാത്തവരും കുടിക്കാൻ തുടങ്ങും. മദ്യത്തിന് നികുതി കുറച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് എൽഡിഎഫ് സർക്കാർ എന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പറഞ്ഞത്. പുതിയ തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽത്തന്നെ എതിർപ്പുയർന്നിട്ടുണ്ട്. സുധീരൻ എതിർപ്പുമായെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട മന്ത്രിമാർക്കുപോലും സംശയം നിലനിൽക്കുന്നു. ന്യായമായ വിമർശംപോലും കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്: ഓർത്തഡോക്സ് സഭ
കോട്ടയം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്‌സ് സഭ. സർക്കാരിനെ അധികാരത്തിലേറ്റിയത് നന്മ ചെയ്യാനാണ്, ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. സർക്കാരിൽനിന്ന് ജനക്ഷേമ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടിപ്പോകില്ല എന്ന വാദം യുക്തിരഹിതമാണ്. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് കരുതുന്നതെന്ന് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
മദ്യപരെ സൃഷ്‌ടിക്കുന്ന നയം ചെറുക്കും: കെസിബിസി മദ്യവിരുദ്ധ സമിതി
കോട്ടയം : വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി കുറച്ച വി ഡി സതീശൻ സർക്കാരിന്റെ നടപടി ചെറുക്കുമെന്ന് - കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. വീര്യം കുറച്ചും നികുതി കുറച്ചും മദ്യംവിൽക്കുന്നത് പുതുതലമുറയെ മദ്യത്തിന് അടിമകളാക്കും. ഒരുവശത്ത് മാരക ലഹരിക്കെതിരെ ‘വാരിയേഴ്‌സിനെ' സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കുമ്പോള്‍ മറുവശത്ത്, ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കുന്ന നയത്തിലേക്ക് കടക്കരുത്. വീര്യം കുറഞ്ഞ മദ്യം മദ്യപാനികള്‍ക്കുള്ളതല്ല, മദ്യപരെ സൃഷ്ടിക്കാനുള്ളതാണ്. ജെന്‍സികളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയിൽപ്പെടുത്തി ബലഹീനതയെ ചൂഷണംചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രോത്സാഹിപ്പിക്കരുത്: മുസ്ലിം ജമാഅത്ത്
മദ്യ നികുതിയിൽ യുഡിഎഫ് സർക്കാർ നൽകിയ ഇളവ് പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് ആവശ്യപ്പെട്ടു. തീരുമാനം മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ തങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എം ലിജു, ടി സിദ്ദിഖ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.









0 comments