'ഈ നാടിന്റെ ധൈര്യം': കെഎസ്എഫ്ഇ പുതിയ ടാഗ്ലൈൻ പുറത്തിറക്കി

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ പുതിയ ടാഗ്ലൈൻ പുറത്തിറക്കി. 'കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം' എന്നതാണ് പുതിയ ടാഗ്ലൈൻ. കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡറായ നടൻ സുരാജ് വെഞ്ഞാറമൂട് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കെഎസ്എഫിയുടെ പുതിയ ടാഗ്ലൈൻ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തോടെ 'മിഷൻ വൺ ക്രോർ കസ്റ്റമേഴ്സി'ന്റെ പ്രഖ്യാപനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ഒരു കോടി ഉപഭോക്താക്കളെ കൈവരിക്കുക എന്നതാണ് ലക്ഷ്യം. സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെയും നവീന മേഖലയിൽ ജോലി ചെയ്യുന്ന യുവ തലമുറയിലേക്കും ചിട്ടി എന്ന സാമ്പത്തിക ഉത്പന്നത്തെ എത്തിക്കുന്നതിനായി ഫ്രട്ടേണിറ്റി ഫണ്ട് എന്ന പേരിൽ ചിട്ടിയെ റീ ബ്രാൻഡ് ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിൽ കെഎസ്എഫിയുടെ ശാഖ ആരംഭിക്കാൻ തീരുമാനമായി.
കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ ബിസിനസ് ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. ഹാർമണി ചിട്ടി ഇടപാടുകാർക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ചതോടെ കെഎസ്എഫ്ഇ ഇന്ത്യയിലെ ബാങ്കിതര സ്ഥാപനങ്ങളിൽ മുൻനിരയിലെത്തി. ചിട്ടി, സ്വർണവായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടെയുള്ള വിവിധ വായ്പകളാണ് അതിവേഗം ലക്ഷ്യം കൈവരിക്കാൻ കരുത്തായത്. വരുന്ന ഡിസംബറിൽ ഒരു ലക്ഷം കോടിയെന്ന ബിസിനസ് ലക്ഷ്യം കൈവരിക്കാനാണ് തീരുമാനിച്ചിരുന്നത്. ജൂലായ് 31ന് ലക്ഷ്യം പൂർത്തിയാക്കി. കഴിഞ്ഞ നാലു വർഷത്തിനിടെ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകാനായി. മൊബൈൽ ആപ്പിലൂടെയും ഐഎഫ്എസ് കോഡിലൂടെയുള്ള ഇലക്ട്രോണിക്സ് പണമിടപാടുകളും ബിസിനസ് കുതിപ്പിന് കരുത്തായി.
വിദേശ പ്രവാസി ചിട്ടിക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിട്ടി ആരംഭിച്ചു. സ്വർണവായ്പ 10,000 കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടിയുടെ പുതിയ ചിട്ടി തുടങ്ങിയതും നടപ്പുസാമ്പത്തിക വർഷം വായ്പ തുടക്കത്തിൽത്തന്നെ 10,000 കോടി കഴിഞ്ഞു. 683 ശാഖകളിലായി 9000 ജീവനക്കാരാണ് കെഎസ്‌എഫ്‌ഇക്ക് ഉള്ളത്. കെഎസ്‍എഫ്‍ഇ ലോകത്തിന് മുമ്പാകെ ഉയർത്തുന്നത് വലിയ സാമ്പത്തിക മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, കോവിഡ് തുടങ്ങി ഒരു പ്രതിസന്ധിയിലും ഉലയാത്ത മാതൃകയാണ് കെഎസ്‍എഫ്‍ഇ. കേരളത്തിനും കേരളത്തിന്റെ ധനകാര്യ മേഖലക്കും അഭിമാനമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിങ് ഇതര സ്ഥാപനം ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. അത് നേടിയെടുത്തത് ഒരു പൊതു മേഖലാ സ്ഥാപനമാണ്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.









0 comments