Deshabhimani

തമിഴ്‌നാട്ടിൽ തനിഷ്‌ക് ജ്വല്ലറിയിൽ വൻ കവർച്ച; 35 കിലോ സ്വർണം കവർന്നു, നഷ്ടം 50 കോടി

thanishq
വെബ് ഡെസ്ക്

Published on Nov 12, 2026, 04:31 PM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ പ്രമുഖ സ്വർണാഭരണ ബ്രാൻഡായ തനിഷ്‌കിന്റെ ഷോറൂമിൽ വൻ കവർച്ച. പലങ്കത്താനത്തുള്ള ജ്വല്ലറിയിൽ നിന്ന് ഏകദേശം 35 കിലോ സ്വർണമാണ് മോഷണം പോയത്. കവർന്ന സ്വർണത്തിന് വിപണിയിൽ 50 കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.


ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്നാണ് വിവരം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌കിന്റെ മധുരയിലെ ഷോറൂം രണ്ടാഴ്ച മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ പൂർണമായി പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഷോറൂം തുറന്നിരുന്നു. ഇതിന്റെ ഭാഗമായി കെട്ടിടത്തിൽ ചില അറ്റകുറ്റപ്പണികളും നിർമാണപ്രവൃത്തികളും നടന്നുവരികയായിരുന്നു.


മുകളിലത്തെ നിലയിൽ ലിഫ്റ്റ് നിർമാണത്തിനായി ഒരുക്കിയിരുന്ന വഴിയിലൂടെയാണ് മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ കടന്നതെന്നാണ് പ്രാഥമിക വിവരം. രണ്ടുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളിൽ ഒരാളുടെ ദൃശ്യം ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.


വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂം തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്നും നിർമാണപ്രവൃത്തികൾ നടക്കുന്ന സാഹചര്യം പ്രതികൾ മുതലെടുത്തതാണോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home