മന്ത്രി റോജി എം ജോണിനെതിരായ മഹാരാജാസിലെ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങൾ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോളേജ് യൂണിയൻ ചെയർപേഴ്സൺ പ്രണീൽരാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരുൾപ്പെടെയുള്ള പത്ത് വിദ്യാർഥികൾക്കാണ് ജാമ്യം.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജിലെ ബിരുദദാന ചടങ്ങിനെത്തിയ മന്ത്രിയോട്, സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എന്നാൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ മന്ത്രി തുടർന്ന് പൊലീസ് വലയത്തിൽ കോളേജിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ, മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടിയെന്നോണം കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു. അധ്യാപക കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം വിദ്യാർഥികളെ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.








0 comments