വിമർശനങ്ങളെയും സമരങ്ങളെയും അധികാരം കൊണ്ട് നേരിടാമെന്നത് സര്‍ക്കാരിന്‍റെ വ്യാമോഹം മാത്രം: പിണറായി വിജയൻ

തിരുവനന്തപുരം : ഓൺലൈൻ മാധ്യമമായ നോ ക്യാപിന്റെ ഫേസ്ബുക്ക് പേജിന് വിലക്കേർപ്പെടുത്തിയ സർക്കാർ നീക്കത്തിനേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിമർശനങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്നത് യുഡിഎഫ് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന സർക്കാരിന്റെ അപ്രഖ്യാപിത സെൻസർഷിപ്പിനേറ്റ കനത്ത പ്രഹരമാണ് 'നോ ക്യാപ്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുണ്ടായ സുപ്രധാന വിധിയെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞാൽ മെറ്റ കേൾക്കുമോയെന്ന മുഖ്യമന്ത്രിയുടെ പരിഹാസ പരാമർശവും സർക്കാർ ഹൈക്കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞതും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള വിമർശമങ്ങളെ ഒഴിവാക്കാൻ താൻ മഹാസംഭവമാണോയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വി ഡി സതീശൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച മറ്റൊരു നുണ കൂടി പൊളിഞ്ഞുവീഴുകയാണെന്നും പരിഹസിച്ച മുഖ്യമന്ത്രിയുടെ തനിനിറമാണ് ഇവിടെ വെളിവാകുന്നതെന്നും അദ്ദേഹം കുറിച്ചു.
'മാധ്യമപ്രവർത്തകർക്ക് വേണ്ടി വിശാലമനസ്സോടെ താൻ തന്നെ മെറ്റയ്ക്ക് കത്തെഴുതാമെന്ന് പരിഹസിച്ച മുഖ്യമന്ത്രി, മറുഭാഗത്ത് പോലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് സർക്കാരിനെ വിമർശിക്കുന്ന പേജുകൾ എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ രഹസ്യ നിർദ്ദേശം നൽകുകയായിരുന്നു. 'കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ' (KIFA) എന്ന കർഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് നിരോധിച്ച കേസിൽ ആ പേജ് പൂർണ്ണമായി ബ്ലോക്ക് ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടത് സർക്കാർ തന്നെയാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി.
ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ വിമർശകരുടെ ശബ്ദം ഇല്ലാതാക്കുന്ന ഈ ഏകാധിപത്യ രീതി പ്രബുദ്ധ കേരളം വെച്ചുപൊറുപ്പിക്കില്ല. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇത്തരം മാധ്യമ വേട്ടകൾക്കും സൈബർ സെൻസർഷിപ്പുകൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. ജനാധിപത്യത്തിൽ വിയോജിക്കാനുള്ള അവകാശത്തെ പോലീസ് രാജ് കൊണ്ട് നേരിടാമെന്ന് ആരും കരുതേണ്ട, പിണറായി വിജയൻ പറഞ്ഞു.








0 comments