ശബരിമല ഓൺലൈൻ റൂം ബുക്കിങ് ആദ്യദിനം തന്നെ തടസ്സപ്പെട്ടു

തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ശബരിമല ഓൺലൈൻ റൂം ബുക്കിങ് ആരംഭിച്ച ആദ്യദിനം തന്നെ സ്തംഭിച്ചു. ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച ബുക്കിങ് സംവിധാനത്തിലാണ് തകരാർ നേരിട്ടത്. ശബരിമലയുടെ ഒരുക്കങ്ങളുടെ കാര്യത്തിലും മറ്റ് സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിലും സർക്കാർ കാണിച്ച അനാസ്ഥയാണ് ഓൺലൈൻ ബുക്കിങ്ങിന് തടസ്സം നേരിടാൻ കാരണമെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ മാസത്തെ റൂം ബുക്കിങ് സമയത്ത് ചില ഏജൻസികൾ കൂട്ടമായി മുറികൾ ബുക്ക് ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് ബുക്കിങ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും കൃത്യമായ നടപടികൾ ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
അതേസമയം, ബുക്കിങ് സംവിധാനത്തിൽ ശ്രദ്ധയിൽപ്പെട്ട പോരായ്മകൾ വേഗത്തിൽ പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചു. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഭക്തർക്ക് തടസ്സമില്ലാതെ ബുക്കിങ് സൗകര്യം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments