മെമ്മോക്ക് മറുപടി നൽകിയില്ല: എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സസ്പെൻഷൻ നീട്ടിയത്. മെമ്മോക്ക് മറുപടി നൽകുകയാണ് എൻ പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് കാണിച്ച് ചീഫ് സെക്രട്ടറി കത്തയച്ചു. അതേസമയം മറുപടി നൽകിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു.
സസ്പെൻഡ് ചെയ്തതിന്റെ കാരണം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ വേണമെന്ന ആവശ്യം എൻ പ്രശാന്ത് ഉന്നയിച്ചിരുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകിയതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് ഏത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എൻ പ്രശാന്തിന്റെ ആവശ്യത്തിന് കത്തിലൂടെ മറുപടി നൽകി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാനുള്ള സമയം 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്.










0 comments