മുഖ്യമന്ത്രിയുടെ അധികാരം അംഗീകരിക്കില്ലെന്ന് ഗവർണർ
print edition ഉടൻ നടപടി വേണം ; ഗവർണർക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനം വൈകിപ്പിക്കുന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം.
വിസി നിയമനത്തിനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കി നല്‍കിയ റിട്ട. ജഡ്‌ജി സുധാൻഷു ധൂലിയ സമിതിയുടെ റിപ്പോര്‍ട്ട് വെറും കടലാസുകഷണമല്ലെന്നും ഗവർണർ ഉടൻ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ആദ്യം നടപടി സ്വീകരിക്കണം. തെറ്റും ശരിയും കോടതി നോക്കിക്കൊള്ളാം. ഗവർണർ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു.
റിപ്പോർട്ടിന്റെ അനുബന്ധ രേഖകൾ മുഖ്യമന്ത്രി കൈമാറിയില്ലന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഗവർണറുടെ അഭിഭാഷകൻ ശ്രമിച്ചു.
മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി നൽകിയ പേരുകളടങ്ങുന്ന സമിതി റിപ്പോർട്ടിൽ ഒരാഴ്‌ചയ്‌ക്കകം നടപടിയെടുക്കാൻ ഉത്തരവ് നിലനിൽക്കെ ഗവർണർ അത് പാലിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വെള്ളിയാഴ്‌ച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ധൂലിയ സമിതി റിപ്പോർട്ട് ചാൻസലർ പരിശോധിച്ചോയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വെങ്കിട സുബ്രഹ്‌മണിയോട് ബെഞ്ച് ആരാഞ്ഞു. ഇല്ലെന്ന മറുപടി കോടതിയെ ചൊടിപ്പിച്ചു. എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് ആരാഞ്ഞപ്പോൾ നടപടിക്രമങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് സമിതിക്ക് കത്ത് നൽകിയെന്ന മറുപടിയാണ് ലഭിച്ചത്.
ഗവർണർക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണോ അവകാശപ്പെടുന്നതെന്ന് വീണ്ടും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ റിപ്പോർട്ട് ലഭിച്ചെങ്കിലും പൂർണമായി അനുബന്ധരേഖ കിട്ടിയിട്ടില്ലെന്നായി സുബ്രഹ്‌മണി. എന്ത് രേഖയാണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ചോ ദിച്ചു.
തന്റെ അറിവിൽ അനുബന്ധ രേഖകളെല്ലാം ഗവർണർക്ക് മുഖ്യമന്ത്രി നൽകിക്കഴിഞ്ഞിട്ടുണ്ടെന്ന് ഗുപ്‌ത ബെഞ്ചിനെ അറിയിച്ചതോടെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. തുടർവാദം ഉന്നയിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ഇരുപക്ഷവും അംഗീകരിച്ചതുപ്രകാരമാണ് സമിതിയെ നിയമിച്ചതെന്നും റിപ്പോർട്ട് പരിശോധിക്കുന്നതിന് എന്തിനാണ് അനുബന്ധ രേഖയെന്ന് മനസിലാകുന്നില്ലെന്നും ഉത്തരവിൽ ബെഞ്ച് രേഖപ്പെടുത്തിയത് ഗവർണർക്ക് വൻ തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ അധികാരം അംഗീകരിക്കില്ലെന്ന് ഗവർണർ
വിസി നിയമനത്തിൽ മുൻഗണന നിശ്ചയിക്കാൻ സുപ്രീംകോടതി മുഖ്യമന്ത്രിക്ക് നൽകിയ അധികാരത്തെ വീണ്ടും വെല്ലുവിളിച്ച് ഗവർണർ. കോടതിയിൽ സമർപ്പിച്ച പുതിയ അപേക്ഷയിലാണ് വിസി നിയമനത്തിൽ മുഖ്യമന്ത്രി നിശ്ചയിച്ച മുൻഗണ അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ നിലപാടെടുത്തത്. കോടതി നൽകിയ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി ജസ്റ്റിസ് ധൂലിയ സമിതി നൽകിയ ചുരുക്കപ്പട്ടികകളിൽ മുൻഗണന നിശ്ചയിച്ച് ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചിരുന്നു. ഇതംഗീകരിക്കില്ലെന്നും പകരം സമിതി അക്ഷരമാല ക്രമത്തിൽ നൽകിയവയിൽ രണ്ടുപേരെ നിയമിക്കാമെന്നുമാണ് ഗവർണറുടെ വിചിത്രവാദം. നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാൻ ധൂലിയ സമിതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട ഗവർണർ, മുഖ്യമന്ത്രിയെ പ്രക്രിയയിൽ നിന്ന് നീക്കണമെന്ന ഹർജി വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.









0 comments