നവകേരള സദസ്സിലെ നിർദേശങ്ങൾ യാഥാർഥ്യത്തിലേയ്‌ക്ക്: നടപ്പാക്കുന്നത് 441 പദ്ധതി

തിരുവനന്തപുരം : നവകേരള സദസ്സിൽ ലഭിച്ച നിർദേശ പ്രകാരം സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് 441 പദ്ധതി. മലപ്പുറം ജില്ല ഒഴികെയുള്ള 13 ജില്ലയിൽ 982.01കോടി രൂപ വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ പട്ടിക ഭേദഗതികളോടെ ബുധനാഴ്‌ച ചേർന്ന മന്ത്രി സഭാ യോഗം അംഗീകരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പദ്ധതി. 75എണ്ണം. കുറവ് വയനാട്, പത്തനംതിട്ട ജില്ലകളിലാണ്. അഞ്ച് വീതം പദ്ധതി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ മലപ്പുറം ജില്ലയുടെ പട്ടിക മാറ്റിവെക്കുകയായിരുന്നു.
2023 നവംബർ 18 മുതൽ ഡിസംബർ 24വരെയാണ് നവകേരള സദസ്സ് നടന്നത്. സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ഈ സംവാദത്തിൽ ലഭിച്ച നിർദേശങ്ങൾ വിശദമായ പരിശോധന നടത്തിയാണ് 441 പദ്ധതി തയ്യാറാക്കിയത്.
നവകേരളസദസ്സിൽ ലഭിച്ച നിർദേശങ്ങളിൽനിന്ന് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയത്. റോഡ്, പാലം, ആശുപത്രി കെട്ടിടങ്ങൾ മുതൽ സ്‌കൂൾ മൈതാനങ്ങൾവരെ പട്ടിയിലുണ്ട്. വിവിധ ആശുപത്രികൾക്ക് അത്യാധുനീക ഉപകരങ്ങൾ വാങ്ങാനും അനുമതിയുണ്ട്. സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാനും നിർദേശം നൽകിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിച്ചത്.
പദ്ധതികൾ ജില്ലകൾ തിരിച്ച്
കാസർകോട് - 14
കണ്ണൂർ - 22
വയനാട് - 5
കോഴിക്കോട് - 75
പാലക്കാട് - 49
തൃശൂർ - 58
എറണാംകുളം - 50
ഇടുക്കി - 28
കോട്ടയം - 30
ആലപ്പുഴ - 12
പത്തനംതിട്ട - 5
കൊല്ലം - 45
തിരുവനന്തപുരം - 48









0 comments