കുരുമുളക് സ്‌പ്രേ ശ്വസിച്ച് വിദ്യാര്‍ഥികൾക്കും അധ്യാപകർക്കും ദേഹാസ്വാസ്ഥ്യം

നേമം: കുരുമുളക് സ്‌പ്രേ ശ്വസിച്ച് പുന്നമൂട് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായി. ടി ബി അഭിനവ്, പ്രിയങ്ക, റോബിന്‍, ദേവി ക, സുമയ്യ, സച്ചു, അബ്ദുള്ള, ആർ അഭിനവ്, രേഷ്മ, അമൃത ശങ്കര്‍ എന്നീ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അധ്യാപകരായ ബേബി സുധ, സജി എന്നിവർക്ക് ശ്വാസതടസ്സവും ചുമയുമുണ്ടായി. ബുധൻ പകലാണ് സംഭവം. പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് ക്ലാസില്‍ വച്ച് ‘റെഡ് കോപ്പ്’ പേരിലുള്ള സ്‌പ്രേ തുറന്നത്. ഇതോടെ പല കുട്ടികള്‍ക്കും ശ്വാസംമുട്ടലും ശരീരത്തില്‍ ചൊറിച്ചിലും അനുഭവപ്പെട്ടു. ഉടൻ അധ്യാപകരും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
തുടർന്ന് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മൂന്നു വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. നേമം പൊലീസും ഫൊറന്‍സിക് വിഭാഗവും ആരോഗ്യവകുപ്പും സ്‌കൂളിലെത്തി.









0 comments