ad
Deshabhimani

'സവിശേഷ'

ഒരു മിനിറ്റിൽ അല്ലുമോൾ പ്രിയപ്പെട്ട മന്ത്രിയെ വരച്ചു; സ്നേഹചുംബനവും സമ്മാനവും നൽകി മന്ത്രി

savisesha carnival
വെബ് ഡെസ്ക്

Published on Jan 23, 2026, 06:45 AM | 1 min read

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സർഗോത്സവമായ 'സവിശേഷ' കാർണിവൽ വേദിയിലുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റ കാരിക്കേച്ചർ വരയ്ക്കാൻ വെറും ഒരു മിനിട്ടാണ് പത്തനംതിട്ട ആറന്മുള സ്വദേശി എം അല്ലുമോൾക്ക് വേണ്ടിവന്നത്. വരച്ച ചിത്രം സർപ്രൈസ് സമ്മാനമായി വേദിയിൽ പ്രിയപ്പെട്ട മന്ത്രിക്ക് നൽകിയപ്പോൾ മന്ത്രിയുടെ വക അല്ലുവിന് ലഭിച്ചത് സ്നേഹചുംബനവും മെമന്റോയും.


തിരുവനന്തപുരം നിഷിൽ ഫൈൻ ആർട്സ് വിദ്യാർഥിനിയാണ് അല്ലുമോൾ. ഒരു വേൾഡ് റെക്കോർഡും ഒരു ഏഷ്യൻ റെക്കോർഡും നേടിയ അല്ലുമോൾ 43 പെയിന്റിങ് എക്സിബിഷനുകൾ കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുണ്ട്. അറുപത്തഞ്ചോളം ചിത്രകല ക്യാമ്പുകളിൽ പങ്കെടുത്തു. സംസ്ഥാനതലത്തിൽ സ്കൂൾ കലോത്സവങ്ങളിലും, കേരള യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കേരളോത്സവത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനതലങ്ങളിലും മറ്റുമായി രണ്ടായിരത്തിൽ അധികം മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടി. നൃത്തത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചു. നിരവധി ടിവി ചാനൽ ഷോകളിലും പങ്കെടുത്തു. തുടർച്ചയായി 3വർഷങ്ങളിൽ (2023, 24 & 25 ) വർഷങ്ങളിൽ ബ്ലോക്ക് തല കേരളോത്സവത്തിൽ കലാതിലകം ആയിരുന്നു. നിലവിൽ മേതിൽ ദേവികയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും കുച്ചുപ്പുടിയും അഭ്യസിക്കുകയാണ്.


മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ മുഖ്യമന്ത്രിയെയും 20 മന്ത്രിമാരെയും വരച്ച്, സദസ്സിൽ മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള അവസരവും ഈ കലാകാരിക്ക് ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ കാരിക്കേച്ചർ മൂന്നു ദിവസം വരക്കാനും സാധിച്ചിരുന്നു. സവിശേഷ' കാർണിവലിലെ പവലിയനിലും അല്ലുമോളും കൂട്ടരും മൂന്ന് ദിനങ്ങളിൽ ചിത്രരചനയിൽ ഏർപ്പെട്ടു. വരക്കാൻ മുന്നിലെത്തുന്ന ഓരോരുത്തരും ചിത്രങ്ങളും വീഡിയോയും എടുത്ത് അഭിനന്ദനങ്ങൾ അറിയിച്ചു.


മൂന്ന് ദിനങ്ങളിലായി തിരുവനന്തപുരത്ത് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സർഗോത്സവമായ 'സവിശേഷ' ഇത്തരത്തിൽ ഒട്ടനവധി പ്രതിഭകളുടെ കലാവതരണ വേദിയായി മാറുകയായിരുന്നു. വരും വർഷങ്ങളിലും വിപുലമായ രീതിയിൽ 'സവിശേഷ' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home