ad
Deshabhimani

സ്ത്രീസുരക്ഷ പെൻഷൻ: മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; അപേക്ഷകരെ നിശ്ചയിക്കുന്നത് കെ-സ്മാർട്ട് വഴി

V D Satheesan Press Meet

മുഖ്യമന്ത്രി വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 29, 2026, 02:38 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്തെ 30 ലക്ഷത്തോളം വരുന്ന വീട്ടമ്മമാർക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയായിരുന്നു സ്ത്രീസുരക്ഷ പെൻഷൻ. സ്ത്രീസുരക്ഷ പെൻഷന്റെ ഗുണഭോക്താക്കളെ നിശ്ചയിച്ചത് സിപിഐഎം എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന പൂർണമായും വാസ്തവവിരുദ്ധമാണ്.


സുതാര്യവും അത്യാധുനികവുമായ ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കുന്ന പെൻഷൻ വിതരണത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.


കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാൻ കഴിയുന്ന സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഇടപെടാൻ കഴിയാത്ത വിധത്തിലുള്ള സുതാര്യതയാണ് ഉറപ്പുവരുത്തിയിരുന്നത്.


അപേക്ഷക കെ-സ്മാർട്ട് അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം സ്ത്രീസുരക്ഷ പെൻഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആദ്യം നൽകേണ്ടത് അപേക്ഷകയുടെ ആധാർ നമ്പറാണ്. ഈ നമ്പർ വാലിഡേറ്റ് ചെയ്യുന്നതിനായി മൊബൈലിലേക്ക് ഒടിപി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് അപേക്ഷക മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതാണോ എന്ന് സിസ്റ്റം സ്വയം പരിശോധിക്കും.


ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പുവരുത്താൻ മരണ രജിസ്ട്രേഷൻ പോർട്ടലിലെ തത്സമയ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് അടുത്ത പരിശോധന നടക്കുന്നത്. കൂടാതെ അപേക്ഷകയ്ക്ക് മറ്റ് ഏതെങ്കിലും സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നുണ്ടോയെന്നും നിലവിൽ ജോലിയുണ്ടോ എന്നും പരിശോധിക്കാൻ സർക്കാർ ജീവനക്കാരുടെ ഡാറ്റാബേസ് ആയ 'സ്പാർക്', ട്രഷറി അക്കൗണ്ട് വിവരങ്ങൾ എന്നിവയും സിസ്റ്റം ഓട്ടോമാറ്റിക്കായിത്തന്നെ പരിശോധിക്കും. ഈ മാനദണ്ഡങ്ങളെല്ലാം കടന്ന് 35 വയസിന് മുകളിലുള്ള അർഹരായ അപേക്ഷകരുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടും ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതോടെ മാത്രമേ അപേക്ഷ പ്രക്രിയ പൂർത്തിയാകും.


ഡിജിറ്റൽ പരിശോധനകൾക്ക് ശേഷം അപ്‌ലോഡ് ചെയ്ത രേഖകളിൽ വ്യക്തതക്കുറവുണ്ടായാൽ മാത്രമാണ് നേരിട്ടുള്ള അന്വേഷണത്തിന് അവസരമുള്ളത്. ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ അപേക്ഷ നിരസിക്കാനുള്ള നിയമപരമായ അധികാരം അതത് തദ്ദേശ ഭരണസമിതികൾക്കുണ്ട്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കുന്നത് യുഡിഎഫ് ഭരണസമിതികളാണ്. ഈ ഓൺലൈൻ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ ഉദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറിയും തദ്ദേശ ഭരണസമിതിയും ഇതിന് അന്തിമ അംഗീകാരം നൽകുന്നത്.


ഭരണസമിതികളിൽ ഭൂരിപക്ഷവും യുഡിഎഫ് കൈയ്യടക്കുമ്പോൾ മുഖ്യമന്ത്രി പറയുന്ന സിപിഐഎം ലിസ്റ്റ് എവിടെയാണ് നിലനിൽക്കുന്നതെന്ന് വ്യക്തമല്ല. ഇത്രയും സുതാര്യവും അഭിമാനകരവുമായ സാങ്കേതിക സംവിധാനത്തെയും ഉദ്യോഗസ്ഥരെയും തദ്ദേശ സ്ഥാപനങ്ങളെയും അവിശ്വസിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത് രാഷ്ട്രീയ പ്രേരിതമായ വ്യാജപ്രചാരണം മാത്രമാണെന്ന് വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home