ലാഭം ഇരട്ടിപ്പിച്ച് ‘സിൽക്’; സുവർണ ജൂബിലിയിൽ നേട്ടം

ആലപ്പുഴ
സുവർണ ജൂബിലിയിലേക്ക് കടക്കുമ്പോൾ ചരിത്രലാഭംനേടി പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്). 2024–-25 സാമ്പത്തിക വർഷം 74.89 കോടി രൂപയുടെ വിറ്റുവരവും നാല് കോടിയുടെ പ്രവർത്തനലാഭവും 1.72 കോടിയുടെ അറ്റാദായവും നേടിയാണ് കുതിപ്പ്.
2023–-24ൽ 83 കോടിയുടെ വിറ്റുവരവും 2.97 കോടിയുടെ പ്രവർത്തന ലാഭവും 51.54 ലക്ഷത്തിന്റെ അറ്റാദായവുമായിരുന്നെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023–-24 സാമ്പത്തിക വർഷം ലാഭത്തിലെത്തിയ ഒറ്റപ്പാലം ഫൗണ്ടറി യൂണിറ്റ് മികവ് ആവർത്തിച്ചു. 84.67 ലക്ഷത്തിന്റെ പ്രവർത്തന ലാഭം 88.68 ലക്ഷമായി ഉയർത്തി.
വ്യവസായ വകുപ്പിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണം ശക്തിപ്പെടുത്താൻ സർക്കാർ ആരംഭിച്ച ബോർഡ് ഫോർ പബ്ലിക് സെക്‌ടർ ട്രാൻഫോർമേഷ (ബിപിടി)ന്റെയും മാനേജ്‌മെന്റിന്റെയും കൃത്യമായ ഇടപെടലുകളുമാണ് കരുത്തായത്. കൊച്ചി കപ്പൽശാല, കാംകോ, കെഎംഎംഎൽ, മലബാർ സിമന്റ്‌സ്, കെൽട്രോൺ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചതിലൂടെ ഉൽപ്പാദനത്തിൽ വൻവർധയുണ്ടായി. ഫാബ്രിക്കേഷൻ മേഖലയിൽ 245 ശതമാനത്തിന്റെ വർധനയുണ്ടായി. കൊച്ചി കോർപ്പറേഷനായി ഫോർട്ട്‌കൊച്ചി–വൈപ്പിൻ റൂട്ടിൽ സർവീസ് നടത്താൻ റോ–റോ യാനം നിർമിക്കുന്നതും സിൽക്കാണ്.
സ്ഥാപനത്തിന്റെ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ചൊവ്വ വൈകിട്ട് 5.30ന് ചേർത്തലയിലെ സിൽക്ക് സ്റ്റിൽ ഫാബ്രിക്കേഷൻ യൂണിറ്റിൽ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി ലോഗോ പ്രകാശിപ്പിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ, സിൽക്ക് ചെയർമാൻ മുഹമ്മദ് ഇക്‌ബാൽ, മാനേജിങ് ഡയറക്‌ടർ ടി ജി ഉല്ലാസ്‌കുമാർ, ജനറൽ മാനേജർ ഷൈനി ജോസ് തറയിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.









0 comments