ട്രാക്കിന് വേലി കെട്ടാൻ റെയിൽവേ, അടിപ്പാതകളും മേൽപ്പാലങ്ങളും ഇല്ലാത്തിടങ്ങളിൽ ആശങ്ക

Rail Fence
avatar
എൻ എ ബക്കർ

Published on May 19, 2025, 12:40 PM | 2 min read

പാലക്കാട്: തീവണ്ടികളുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായി റെയിൽവേ ട്രാക്കിന് ഇരുവശത്തും വേലി കെട്ടി മറയ്ക്കാൻ പദ്ധതി. ഇതിനായി റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ 320 കോടി രൂപ അനുവദിച്ചു. തീവണ്ടികളുടെ വേഗം വർധിപ്പിക്കുക അപകടം കുറയ്ക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് വേലി നിർമ്മാണം.


കേരളത്തിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് വർധിപ്പിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ 2026-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ മംഗളൂരു-ഷൊർണൂർ പാതയിൽ താരതമ്യേന വളവുകളും തിരിവുകളും കുറവായതിനാൽ 2025 ൽ തന്നെ പൂർത്തിയാക്കുക എന്ന ലക്ഷ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഇതര റെയിൽവെ ഡിവിഷനുകളിലും വേഗത വർധിപ്പിക്കലിന്റെ ഭാഗമായി വേലി നിർമ്മാണം പ്രഖ്യാപിച്ചിട്ടുണ്ട്.


കേരളത്തിന്റെ വികസന സ്വപ്നമായ ദേശീയപാതയുടെ പുതുക്കിയ നിർമ്മാണം പൂർണ്ണമാവുകയാണ്. അടിപ്പാതകളും മേൽപാലങ്ങളും ആവശ്യപ്പെട്ട് ഇപ്പോഴും പലസ്ഥലങ്ങളിലും ജനകീയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതോടൊപ്പമാണ് റോഡിന് സമാന്തരമായി കടന്നു പോകുന്ന റെയിൽവേ ലൈനിലെ വേലി കെട്ടലും വരുന്നത്.

റെയിൽവേ യാത്രാ സൌകര്യത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം പരിമിതികൾ അനുഭവിക്കുന്ന വടക്കൻ ജില്ലകളിലാണ് ആദ്യം വേലി വരുന്നത്. പാലക്കാട് ഡിവിഷന്റെ പഴയ കേന്ദ്രമായിരുന്ന പോത്തന്നൂർ മുതൽ മംഗലാപുരം വരെയുള്ള മേഖലകളാണ് പ്രഥമ പരിഗണനയിൽ. വേഗം കൂടിയാൽ കൂടുതൽ വണ്ടികൾ വരുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.

plkd


ണ്ടി സ്റ്റേഷനിൽ പ്രവേശിക്കയും പുറപ്പെടുകയും ചെയ്യുന്നത് നിയന്ത്രിച്ചിരുന്ന രണ്ട് സിഗ്നലുകൾ മൂന്നാക്കി ഉയർത്തുന്നുമുണ്ട്. കേരളത്തിന്റെ അധികപാത എന്ന ആവശ്യം നഷ്ടക്കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞതോടെയാണ് വേഗം വർധിപ്പിക്കൽ എന്ന കാമ്പയിൽ ഉയർത്തി ജനരോഷം തിരിക്കുന്നത്. കെ റെയിൽ പദ്ധതിയ്ക്ക് തുരങ്കം വെക്കാൻ ശ്രമിച്ചതിന്റെ പ്രായശ്ചിത്തം തീർക്കാനും ജനങ്ങളുടെ മുന്നിൽ വികസന വിരോധത്തിന്റെ പേരിൽ അപഹാസ്യരായതിന്റെ ക്ഷീണം തീർക്കാനും എന്ന ആക്ഷേപവുമുണ്ട്.


കേരളത്തിലെ ഉയർന്ന ജനസാന്ദ്രത പരിഗണിക്കുമ്പോൾ വേലി ആവശ്യമാണെന്ന് വിലയിരുത്തലുകളുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ റെയിൽവേ സുരക്ഷാ കമ്മീഷൻ നൽകിയ റിപ്പോർടിൽ വന്ദേഭാരത് ഉൾപ്പെടെ വണ്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തിയതായി റിപ്പോർട് ഉണ്ടായിരുന്നു. വന്ദേഭാരത് വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളത്തിലാണ്. ഇവയുടെ വേഗത പരമാവധി വർധിപ്പിക്കേണ്ട ആവശ്യകതയുണ്ട്. കൂടുതൽ വണ്ടിക്കും ബോഗിക്കും വേണ്ടിയുള്ള ആവശ്യങ്ങൾ ഉയരുന്നു.


vande bharath


മംഗളൂരു-ഷൊർണൂർഭാഗത്ത് 110 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ-പോത്തന്നൂർ റൂട്ടിൽ 90 കിലോമീറ്റർ വേഗത്തിലുമാണിപ്പോൾ തീവണ്ടികൾ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ 2025 മാർച്ചോടെയാണ് വേഗം 130 കിലോമീറ്ററാക്കുക ലക്ഷ്യം വെക്കുന്നത്.


തിരുവനന്തപുരം-ഷൊർണൂർ റൂട്ടിൽ ഘട്ടംഘട്ടമായാണ് വേഗം വർധിപ്പിക്കുക. തിരുവനന്തപുരം-കായംകുളം റൂട്ടിൽ വേഗം 100-ൽനിന്ന് 110 കിലോമീറ്ററായും കായംകുളം-തൂറവൂർ റൂട്ടിൽ 90-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്ററിൽനിന്ന് 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ വർധിപ്പിക്കും. തുടർന്ന് 130 കിലോമീറ്ററാക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും കൂടുതലുള്ളതും സർവ്വീസ് കൂടുതൽ ഉള്ളതുമായ മേഖല എന്നതിനാൽ ഇവിടെ കൂടുതൽ പ്രവർത്തികൾ വേണ്ടി വരും.


വന്യമൃഗങ്ങളെ ട്രെയിനിടിക്കുന്നതു തടയാൻ കഞ്ചിക്കോട് – വാളയാർ പാതയിൽ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ട്. കാട്ടാനകൾക്ക് കടന്നു പോകാൻ ആനത്താരയുടെ തുടർച്ച എന്ന നിലയ്ക്ക് എട്ടിമടയ്ക്കും മധുരയ്ക്കും ഇടയിൽ അടിപ്പാത പണിതിട്ടുണ്ട്. ഷൊർണൂർ ജങ്ഷനിൽ ട്രെയിനുകളിൽ 5 മിനിറ്റ് കൊണ്ടു വെള്ളം നിറയ്ക്കാനാകുന്ന ‘ക്വിക് വാട്ടറിങ് സംവിധാനം ഏർപ്പെടുത്തിയതും സമയ നഷ്ടം കുറയ്ക്കാൻ സഹായകമായി.


Train Twilight


വരുമാനത്തിൽ മുന്നിൽ യാത്രാ സൌകര്യത്തിൽ പിന്നിൽ


റെയിൽവേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് പാലക്കാട് റെയിൽവേ ഡിവിഷൻ. യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചുള്ള റാങ്കിങ്ങാണ്. കഴിഞ്ഞവർഷം 5–ാം സ്ഥാനത്തായിരുന്നു.


2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് മൊത്തം വരുമാനം 1607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 36.5​% വർധന ഉണ്ടായി. പാഴ്സൽ, ചരക്ക് സേവനങ്ങൾ ഉൾപ്പെടെയുള്ള വരുമാനത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്.


ഈ സാഹചര്യത്തിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ 16 സ്റ്റേഷനുകളിലായി 300 കോടി രൂപയുടെ നിക്ഷേപത്തോടെ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങൾ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനകം 175 കോടി രൂപ വിനിയോഗിച്ചതയാണ് കണക്ക്. റെയിവേ അടുത്ത കാലത്തായി ഡബ്ല്യു ബീം എന്ന പേരിൽ വേലി മാതൃക നിർമ്മിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home