സോളാർ വൈദ്യുതി പാഴാകില്ല; വരുന്നു നാലിടത്തുകൂടി ബെസ്


സ്വാതി സുജാത
Published on Jul 27, 2025, 11:16 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ആവശ്യം നിറവേറ്റാൻ നാലിടത്തുകൂടി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കാൻ കെഎസ്‌ഇബി. പകൽ സമയത്ത് സുലഭമായ സൗരോർജം കാര്യക്ഷമമായി സംഭരിച്ച് വൈദ്യുതി ഉപയോഗം കൂടിയ രാത്രിയിൽ (പീക്ക് ടൈം) ലഭ്യമാക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി ബെസ് സ്ഥാപിക്കാൻ കെഎസ്‌ഇബി റെഗുലേറ്ററി കമീഷന്റെ അനുമതി തേടി.
സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം മൈലാട്ടിയിലും മറ്റു നാല് സബ്‌സ്‌റ്റേഷനിലും സ്ഥാപിക്കുന്നതിനുള്ള അനുമതിക്കാണ് കമീഷനെ സമീപിച്ചത്. മൈലാട്ടിയിലെ പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജമന്ത്രാലയം 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചു. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (സെകി) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാറ്ററി ഊർജ സംഭരണ സംവിധാന (ബിഇഎസ്എസ്) വികസനത്തിനായുള്ള കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പ്രയോജനപ്പെടുത്തിയാണ് നാലിടത്തുകൂടി പദ്ധതി നടപ്പാക്കുന്നത്.
സബ്സ്റ്റേഷന്‍ | ശേഷി (മെഗാവാട്ട്/മെഗാവാട്ട് മണിക്കൂർ) |
ശ്രീകണ്ഠാപുരം (കണ്ണൂർ) | 40/ 160 |
പോത്തൻകോട് (തിരുവനന്തപുരം) | 40/ 160 |
അരീക്കോട് (മലപ്പുറം) | 30/120 |
മുള്ളേരിയ (കാസർകോട്) | 15/60 |
നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) ലിമിറ്റഡിനെ പദ്ധതി നിർവഹണ ഏജൻസിയായി കേന്ദ്രം തെരഞ്ഞെടുത്തു. ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് കരാർ (ബിഇഎസ്‌പിഎ) ഒപ്പുവച്ച തീയതി മുതൽ 15 മാസത്തിനുള്ളിൽ പദ്ധതികൾ കമീഷൻ ചെയ്യണമെന്ന് കെഎസ്‌ഇബി നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന സമയങ്ങളിൽ പുറത്തുനിന്ന് വൈദ്യുതി ഉയർന്ന വിലയിൽ വാങ്ങേണ്ടി വരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തരം സംഭരണ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.









0 comments