ഒരുലക്ഷം വീടുകളിൽ സൗജന്യ സോളാർ പ്ലാന്റ് ; വൈദ്യുതിയും വരുമാനവും ഉറപ്പ്


സ്വാതി സുജാത
Published on Jul 15, 2025, 03:00 AM | 1 min read
തിരുവനന്തപുരം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുലക്ഷം പേരുടെ വീടുകളിൽ സൗജന്യ സൗരോർജപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ. ലൈഫ് മിഷൻ, പുനർഗേഹം വീടുകളിലാണ് ഹരിത വരുമാന പദ്ധതി വഴി അനർട്ട് പ്ലാന്റ് സ്ഥാപിക്കുന്നത്. മിച്ച വൈദ്യുതി കെഎസ്‌ഇബിക്ക് നൽകി വരുമാനവും ഉറപ്പാക്കാം. പാചകവാതകച്ചെലവ് കുറയ്‌ക്കാൻ സൗജന്യമായി ഇൻഡക്‌ഷൻ സ്റ്റൗവും നൽകും.
രണ്ട് കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി 1697 വീടുകളിൽ നടപ്പാക്കി. പട്ടികജാതി വകുപ്പ് നിർമിച്ച 305 വീടുകളിൽ മൂന്നു കിലോവാട്ട് വീതം ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചത്. ലൈഫ് മിഷനിലെ 968, പുനർഗേഹത്തിലെ 142, പാലക്കാട് നടുപ്പതി പട്ടികവർഗ നഗറുകളിലെ 75, കണ്ണൂർ ആറളം പട്ടികവർഗ നഗറിലെ 207 വീടുകളിലുമാണ് രണ്ട് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്. പട്ടികജാതി, വർഗ വിഭാഗങ്ങളിലെ ഒരുവീട്ടിൽ ഇതിനായി സംസ്ഥാനം 1.33 ലക്ഷം രൂപയാണ് ചെലവിട്ടത്. കേന്ദ്രവിഹിതം 57,382 രൂപ. ലൈഫ് മിഷൻ, പുനർഗേഹം വീടുകളിൽ രണ്ട് കിലോവാട്ട് പ്ലാന്റിന് 1.36 ലക്ഷം രൂപയാണ് ചെലവ്. 39275 രൂപയാണ് കേന്ദ്ര സബ്‌സിഡി. അധികവൈദ്യുതി വിൽപനയിലൂടെ ഓരോ കുടുംബത്തിനും 18,000 രൂപയെങ്കിലും വാർഷിക വരുമാനം ലഭിക്കും.










0 comments