ഒരു പ്ലാന്റിൽനിന്ന് നിരവധിപേർക്ക് വൈദ്യുതി ; പുനരുപയോഗ ഊർജം , കരട് റഗുലേഷൻ തയ്യാർ

തിരുവനന്തപുരം
ഒരു സൗരോർജ്ജ പ്ലാന്റിൽനിന്ന് ഫ്ലാറ്റുകൾ, റസിഡൻഷ്യൽ അസോസിയേഷൻ പരിധിയിലുള്ള നിരവധി ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന വെർച്വൽ നെറ്റ് മീറ്ററിങ്, ഗ്രൂപ്പ് നെറ്റ് മീറ്ററിങ് എന്നിവ നിർദ്ദേശിച്ച് വൈദ്യുതി റഗുലേറ്ററി കമീഷൻ. ‘റിന്യൂവബിൾ എനർജി ആന്റ് റിലേറ്റഡ് മാറ്റേഴ്‌സ് റഗുലേഷൻസ്- 2025’ കരടിലാണ് ഈ നിർദേശമുള്ളത്.
പീക്ക് സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന വില ലഭിക്കുന്ന രീതിയിലാണ് എനർജി അക്കൗണ്ടിങ്ങും ബില്ലിങ്ങും ക്രമീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ ക്രെഡിറ്റിൽ അധിക വൈദ്യുതിയുള്ളപ്പോഴും വിവിധ ചാർജുകൾ എല്ലാ മാസവും ഈടാക്കുന്ന രീതി ഒഴിവാക്കി സീറോ ബില്ലിങ്ങിന് കരട് വ്യവസ്ഥ ചെയ്യുന്നു. പുനരുപയോഗ ഊർജ പദ്ധതികളിലും എനർജി സ്റ്റോറേജ് പദ്ധതികളിലും നിക്ഷേപം ആകർഷിക്കാനും സംരംഭക വികസനത്തിനും സഹായകരമായ വ്യവസ്ഥകളും കരടിലുണ്ട്.
വൈദ്യുതി വാഹനത്തിൽ നിന്നു ഗ്രിഡിലേക്ക് വൈദ്യുതി നൽകൽ, ഉൽപാദകർ നേരിട്ട് ഇതര ഉപഭോക്താക്കൾക്ക് വൈദ്യുതി വിൽക്കൽ തുടങ്ങിയ നൂതന സംരംഭങ്ങളുമുണ്ട്. ഫീസിബിലിറ്റി, രജിസ്ട്രേഷൻ ലഭിക്കാനുള്ള പ്രയാസങ്ങൾ ഒഴിവാക്കാനും അപേക്ഷകർക്ക് ഓൺലൈൻ സംവിധാനം ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. രജിസ്ട്രേഷൻ ചാർജ് നിലവിൽ ഒരു കിലോവാട്ടിന് 1,000 രൂപ എന്നത് 300 രൂപയാക്കി കുറയ്‌ക്കാനാണ് നിർദേശം.
കമീഷൻ തെളിവെടുപ്പ് നത്തുമ്പോൾ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാവും അന്തിമ റഗുലേഷൻ. അഭിപ്രായങ്ങൾ 30 ദിവസത്തിനകം ഇ- മെയിൽ ([email protected]) വഴിയോ തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.









0 comments