ദുർബല വിഭാഗങ്ങൾക്ക് സൗരോർജ വെെദ്യുതി സൗജന്യം ; വൈദ്യുതി റഗുലേറ്ററി കമീഷൻ നിർദേശം


സ്വാതി സുജാത
Published on Jun 15, 2025, 03:27 AM | 1 min read
തിരുവനന്തപുരം
പ്ലാന്റ് സ്ഥാപിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരുടെ വീടുകളിലും സൗജന്യമായി സൗരോർജ വെെദ്യുതി എത്തിക്കാൻ വഴിയൊരുങ്ങുന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്റെ ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ് റെഗുലേഷൻസ്- 2025’ കരടിലാണ് ഈ നിർദേശം.
തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് സമാഹരിച്ച് സൗരോർജ നിലയം സ്ഥാപിക്കാനും അവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രദേശത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകാനുമാണ് നിർദേശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും സൗരോർജം മുതൽമുടക്കില്ലാതെ നൽകുകയാണ് ലക്ഷ്യം. ഉൽപ്പാദിപ്പിക്കുന്ന ഊർജം ഉപയോക്താക്കൾക്ക് വിതരണം ചെയ്യുന്നത് ക്രമീകരിക്കാൻ വെർച്വൽ നെറ്റ് മീറ്ററിങ് സംവിധാനവും സ്ഥാപിക്കണം. ഫ്ലാറ്റുകൾക്കും റസിഡൻഷ്യൽ അസോസിയേഷനുകൾക്കും ഉപയോക്താക്കൾക്കും സ്വന്തം മുതൽ മുടക്കിൽ നിലയം സ്ഥാപിച്ച് വൈദ്യുതി പങ്കിടാം.
കുറഞ്ഞ ശേഷി 10 കിലോവാട്ട് ആണ്. ഉപഭോക്താക്കളുടെ സഞ്ചിത കണക്റ്റഡ് ലോഡ്/കോൺട്രാക്റ്റ് ഡിമാൻഡിനനുസരിച്ച് പരമാവധി ശേഷി നിശ്‌ചയിക്കും. കാർഷിക ഉപയോക്താക്കാൾ, താഴ്‌ന്ന വരുമാന വിഭാഗത്തിലെ ഗാർഹിക ഉപയോക്താക്കൾ എന്നിവർക്ക് വിതരണ നഷ്‌ടമോ മറ്റു ചാർജുകളോ ഉണ്ടാവില്ല. പ്ലാന്റും ഉപയോക്താക്കളും ഒരേ വിതരണ ട്രാൻസ്‌ഫോർമറിനു കീഴിലാണെങ്കിലും വിതരണ നഷ്‌ടം ഉണ്ടാ കില്ല.
ഉപയോക്താവിന്, സ്വന്തമായി സ്ഥാപിക്കുന്ന സൗരോർജ നിലയത്തിൽനിന്നുള്ള വൈദ്യുതി അയാളുടെ അതേ താരിഫ് വിഭാഗത്തിലെ മറ്റ് സ്ഥലങ്ങളിൽ വിതരണം ചെയ്യാനാകുന്ന ഗ്രൂപ് നെറ്റ് മീറ്ററിങും നിർദേശിച്ചിട്ടുണ്ട്.
നിലവിൽ, വ്യക്തികൾക്ക് സ്വന്തം ആവശ്യങ്ങൾക്ക് മാത്രമേ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കാനും അധിക വൈദ്യുതി കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് നൽകാനും അനുവാദമുള്ളൂ. ഇത് മാറ്റുന്നതിനൊപ്പം, സൗരോർജ ഉൽപ്പാദനം സംരംഭമാക്കുക കൂടിയാണ് കമീഷൻ ലക്ഷ്യമിടുന്നത്.









0 comments