തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണം; അമ്മയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എസ്എഫ്ഐ

Mihir Ahammad SFi
വെബ് ഡെസ്ക്

Published on Jan 31, 2025, 01:21 PM | 3 min read

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്ന്‌ വീണ്‌ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മിഹിർ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന്‌ പ്രസ്‌താവനയിലൂടെ എസ്‌എഫ്‌ഐ പറഞ്ഞു. മിഹിറിന്റെ അമ്മ റജ്‌ന പി എം സോഷ്യൽ മീഡിയ വഴി തന്റെ മകൻ ക്രൂരമായ റാഗിങ്ങിന്‌ ഇരയായിരുന്നു എന്ന്‌ അറിയിക്കുകയായിരുന്നു.


എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്‌താവന

തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയുടെ മരണം; അമ്മയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്എഫ്ഐ തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരണപ്പെട്ട വിദ്യാർത്ഥിയുടെ അമ്മ സോഷ്യൽ മീഡിയ വഴി നടത്തിയ തുറന്ന് പറച്ചിലൂടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ കേരളം വായിച്ചത്. 2025 ജനുവരി 15ന് ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണ് മരിച്ച തന്റെ മകൻ കാൽ തെറ്റി വീണതല്ല മറിച്ച് സ്കൂളിൽ നിന്ന് ക്രൂരമായ പീഢനത്തിന് ഇരയായി ആത്മഹത്യ ചെയ്തതാണ് എന്നാണ് അമ്മ പറയുന്നത്. സ്കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും അതിക്രൂരമായി മകൻ റാഗ് ചെയ്യപ്പെട്ടിരുന്നു എന്നതിനും വാഷ് റൂമിൽ കൊണ്ടുപോയി ടോയ്‌ലറ്റ് നക്കിക്കുന്നതുൾപ്പെടെയുള്ള അതിക്രൂരമായ റാഗിംഗ് നടന്നിരുന്നു എന്നതിനും തെളിവ് ലഭിച്ചതായും പറയുന്നു. സ്കൂൾ അധികൃതരോട് സംസാരിച്ചപ്പോൾ നടപടിയെടുത്താൽ സ്കൂളിൻ്റെ സൽപ്പേരിനെ ബാധിക്കും എന്ന വിശദീകരണമാണ് ലഭിച്ചത് എന്നും പറയുന്നു.

വിദ്യാർത്ഥി സംഘടനകൾ ആണ് കുഴപ്പക്കാർ എന്ന് പ്രചരിപ്പിക്കുന്നവർ വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം നിരോധിക്കപ്പെട്ടതിന് ശേഷം കേരളത്തിലെ സ്കൂളുകളിൽ നടക്കുന്നത് എന്താണ് എന്ന് കൂടെ പരിശോധിക്കണം. റാഗിംഗ് കണ്ടാൽ പോലും സ്കൂളിൻ്റെ സൽപ്പേരിനെ ബാധിക്കും എന്ന പേരിൽ നടപടിയെടുക്കാത്ത അധികൃതരാണ് പല സ്കൂളുകളിലും ഉള്ളത്. അനീതി ചോദ്യം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾ സ്കൂളുകളിൽ ഇല്ലാത്തത് ഇക്കൂട്ടർക്ക് വളമാകുന്നു.

മനുഷ്യത്വ രഹിതമായ രീതിയിൽ റാഗിംഗിന് നേതൃത്വം നൽകിയവർക്കെതിരെയും അത് മറച്ചുവെച്ച് ഒരു വിദ്യാർത്ഥിയെ ആത്മഹത്യക്ക് തള്ളിവിട്ട സ്കൂൾ അധികൃതർക്കെതിരെയും സംസ്ഥാന സർക്കാരും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു


തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം– റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ്‌ (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. ഇതേ തുടർന്ന്‌ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകി.


സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ്‌ നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്‌. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന്‌ പരാതിയിൽ പറയുന്നു. ഹിൽപാലസ് പൊലീസിൽ ആദ്യം പരാതി നൽകിയിരുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.


‘മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി. സ്‌കൂളിൽ വെച്ചും സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസറ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്’ എന്ന്‌ അമ്മ റജ്‌ന സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

അമ്മയുടെ പോസ്റ്റ്:





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home