കേരളയിലെ ജാതി അധിക്ഷേപം
ഡീനിനെ പുറത്താക്കണമെന്ന് ആവശ്യം: സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം, വിസിയെ തടഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ജാതി അധിക്ഷേപം നടത്തിയ ഡീൻ സി എൻ വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിഷയത്തിൽ നിസംഗ സമീപനം സ്വീകരിച്ച സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. സ്വന്തം കസേര നിലനിർത്തുക എന്നതിൽ മാത്രമാണ് വിസിയുടെ ശ്രദ്ധയെന്നും വിദ്യാർഥി വിഷയങ്ങളിൽ ഇടപെടാൻ തയാറാകുന്നുല്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
ഇന്ന് രാവിലെ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗത്തിൽ വിജയകുമാരി പങ്കെടുത്തതോടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. ഡീനിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി. സെനറ്റ് യോഗത്തിൽ നിന്നും വിജയകുമാരിയെ മാറ്റി നിർത്തണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡീനിനെതിരെ നടപടിയെടുക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ വിസി മോഹനൻ കുന്നുമ്മൽ തയാറായില്ല.
കേരള സര്‍വകലാശാലയില്‍ ജാതിവിവേചനം നേരിട്ടുവെന്ന് കാണിച്ച് വിപിന്‍ വിജയന്‍ നൽകിയ പരാതിയില്‍ ഡീനിനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. എസ്‍സി–എസ്ടി ആക്ടിലെ 3(1) ആര്‍, എസ് എന്നീ സെഷനുകള്‍പ്രകാരമാണ് കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായി ഡോ. സി എന്‍ വിജയകുമാരിയെ പ്രതിചേര്‍ത്ത്.
ഗവേഷക വിദ്യാര്‍ഥിയായ വിപിന് പിഎച്ച്‍ഡി ഓപ്പണ്‍ഡിഫന്‍സ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് തരില്ലെന്ന് പറയുകയും മറ്റ് അധ്യാപകരുടെയും ഗൈഡുമാരുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ അധ്യാപകയുടെ ഔദ്യോഗിക മുറിയില്‍ പ്രവേശിച്ചാല്‍ മുറി അശുദ്ധമായെന്ന് പറഞ്ഞ് വെള്ളം തളിക്കാറുണ്ട്. ഇത് വിദ്യാര്‍ഥിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
ഒക്ടോബര്‍ 10നാണ് കാര്യവട്ടം ക്യാമ്പസില്‍ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്കഷന്‍ നടന്നത്. സമിതി ചെയര്‍മാന്‍ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാര്‍ശ ചെയ്തെങ്കിലും ഡീനായ വിജയകുമാരി ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് സംസ്കൃതം അറിയില്ലെന്നും പ്രചരിപ്പിച്ചു.
ഇതിനെതിരെ ഗവേഷകന്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പൊലീസിലും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി–പട്ടികഗോത്രവർഗ കമീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറോടും റിപ്പോര്‍ട്ട് തേടിയിരുന്നു.









0 comments