ചുവന്നുതുടുത്ത് കേരളയും ; 65 കോളേജിലും എസ്എഫ്ഐ

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മാർ ഇവാനിയോസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നു (വാർത്ത പേജ് 14)
തിരുവനന്തപുരം
കലിക്കറ്റിനും കണ്ണൂരിനും എംജിക്കും സംസ്കൃത സര്‍വകലാശാലയ്ക്കും പിന്നാലെ കേരള സർവകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐയ്‌ക്ക് വൻവിജയം. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 65 കോളേജിലും എസ്എഫ്ഐ വിജയിച്ചു. ആറ് കോളേജ് കെഎസ്-യുവില്‍നിന്നും ഓരോന്നു വീതം എബിവിപിയില്‍നിന്നും എഐഎസ്എഫില്‍നിന്നും പിടിച്ചെടുത്തു.
"നിഷ്‍പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് 75 കോളേജിലും എസ്എഫ്‍ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാമനിര്‍ദേശ പ്രക്രിയ പൂർത്തീകരിച്ചപ്പോള്‍ 45 കോളേജില്‍ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു.
തിരുവനന്തപുരത്ത് 28 കോളേജ് എസ്എഫ്ഐ സ്വന്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം മാർ ഇവനിയോസ് കോളേജ് കെഎസ്-യുവിൽനിന്ന് പിടിച്ചെടുത്തു. കാട്ടാക്കട ക്രൈസ്റ്റ് നഗർ കോളേജിലെ എബിവിപിയുടെ തേര്‍വാഴ്ച അവസാനിപ്പിച്ചു.
കൊല്ലത്ത് 14 കോളേജില്‍ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ്, കുണ്ടറ ഐഎച്ച്ആര്‍ഡി കോളേജ് എന്നിവ കെഎസ്-യുവിൽ നിന്ന് തിരിച്ചുപിടിച്ചു. പുനലൂർ എസ്എൻ കോളേജ് എഐഎസ്എഫില്‍ നിന്ന് തിരിച്ചെടുത്തു.
ആലപ്പുഴയില്‍ 14 കോളേജ് എസ്എഫ്ഐ നേടി. ജില്ലയിലെ ഏക സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജായ അമ്പലപ്പുഴ ഗവ.കോളേജ് മുഴുവന്‍ സീറ്റും നേടി കെഎസ്-യുവിൽനിന്ന് പിടിച്ചെടുത്തു. കായംകുളം എംഎസ്എം, മാവേലിക്കര ഐഎച്ച്ആര്‍ഡി എന്നിവയും കെഎസ്-യുവില്‍ നിന്ന് തിരികെപിടിച്ചു. പത്തനംതിട്ടയിലെ നാല് കോളേജിലും എസ്എഫ്ഐ സമ്പൂർണ വിജയം നേടി.









0 comments