കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരെ എസ്എഫ്ഐ പരാതി നൽകി

എസ്ഐ ഗോകുൽ ഗോപന്‍, എം എ നന്ദന്‍
തിരുവനന്തപുരം: പ്രവർത്തർക്കു നേരെ വീണ്ടും ഭീഷണിയുമായി എത്തിയ കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപനെതിരെ എസ്എഫ്ഐ പരാതി നൽകി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിർത്താനായി സംസ്ഥാന പൊലീസ് മേധാവി ഇടപെടണമെന്നും തിരുവനന്തപുരത്ത് എസ്എഫ്ഐക്കെതിരെ നടക്കുന്ന നരനായാട്ടിന് നേതൃത്വം നൽകുന്ന എസ്ഐ ഗോകുലിനെ മാറ്റി നിർത്തികൊണ്ട് സുതാര്യമായ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
കൻോൺമെന്റ് എസ്ഐയുടെയും സിഐയുടെയും നേതൃത്വത്തിൽ എസ്എഫ്ഐ നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും എസ്എഫ്ഐ നേതൃത്വം പലതവണ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ വിദ്യാർഥികളെ ക്രൂരമായി എസ്ഐ ഗോകുൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ എസ്ഐയുടെ വീട്ടിലേയ്ക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
സമരവുമായി ഇറങ്ങിയാൽ പാർടി ഓഫീസിൽ കയറി നിന്നെ എടുക്കും. അതിന് ഒരു പേടിയുമില്ല. നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്. ഹോം മിനിസ്റ്ററോട് സംസാരിച്ച ശേഷം തൽക്കാലം അറസ്റ്റ് തടഞ്ഞുവച്ചിരിക്കുകയാണ്. മര്യദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തിയാൽ പാർടി ഓഫീസിൽ കയറി നിന്നെ അറസ്റ്റ് ചെയ്യും. നീ എവിടെയാണെന്ന് നല്ലതുപോലെ അറിയാമെന്നുമായിരുന്നു ശബ്ദസന്ദേശത്തിൽ എസ്ഐ ഗോകുലിന്റെ ഭീഷണി.
കേരള പൊലീസിന്റെ ഭാഗമായ വ്യക്തി ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ മറുപടി പറയാതെ സംസാരം അവസാനിപ്പിച്ച് പോകുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് യൂത്ത് കോൺഗ്രസിന്റെയും പൊലീസിന്റെയും നരനായാട്ടുണ്ടായത്. മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം എറിഞ്ഞാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ ഹോസ്റ്റലിൽ കയറിയ പൊലീസ് വിദ്യാർഥികളെ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചു. നിരവധി വിദ്യാർഥികളുടെ തല പൊട്ടി. ലാത്തി ചാർജിനിടെ ഒരു വിദ്യാർഥിയുടെ തലയ്ക്ക് എസ്ഐ ഗോകുൽ നിരവധി തവണ അടിച്ചതായി വിവരം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഭീഷണി മുഴക്കിയത്.
പരാതി നൽകിയതിനു പിന്നാലെ എസ്ഐ ഗോകുൽ ഗോപന്റെ തിരുവനന്തപുരം പട്ടത്തുള്ള വീട്ടിലേയ്ക്ക് അൽപ്പസമയത്തിനകം മാർച്ച് നടത്തുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചു. എസ്ഐക്കെതിരെ നടപടി എടുത്തേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.








0 comments