print edition എസ്‌സി, എസ്‌ടി സ്‌കോളർഷിപ് കുടിശ്ശിക തീർത്തു

തിരുവനന്തപുരം
പട്ടികവിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് കുടിശ്ശിക പൂർണമായും കൊടുത്തു തീർത്തു. ഫെല്ലോഷിപ്പുകൾക്ക് അർഹരായ ഗവേഷകരുടെ ഒക്‌ടോബർവരെയുള്ള തുകയും ഇ ഗ്രാന്റ്‌സ് മുഖേന അനുവദിച്ചു. ഈ അധ്യയന വർഷം 15 ലക്ഷത്തോളം വിദ്യാർഥികളാണ് സ്‌കോളർഷിപ്പിന് അപേക്ഷിച്ചത്. ഇതിൽ അഞ്ചു ലക്ഷത്തിലേറെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളും എൺപതിനായിരം പട്ടികവർഗ വിഭാഗക്കാരും ഒമ്പതു ലക്ഷത്തിലേറെ പിന്നാക്ക വിഭാഗക്കാരും ഉണ്ട്. ഏറ്റവും ഒടുവിൽ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് കുടിശികയാണ് നൽകിയത്. ഇതിന് 200 കോടി രൂപകൂടി അനുവദിച്ചു. 240 കോടി രൂപ വകയിരുത്തിയിരുന്നതിനു പുറമെയാണിത്. 221 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പിന്റെ ബജറ്റ് വകയിരുത്തൽ. ഇത് പൂർണമായും ചെലവഴിച്ചു. പട്ടികവർഗ വികസന വകുപ്പിൽ 20 കോടി രൂപ അധികം അനുവദിച്ചു.
എസ്‌സി, എസ്ടി, ഒബിസി, ഒഇസി വിഭാഗങ്ങളുടെ സ്‌കോളർഷിപ്പുകള്‍ക്കായി ഈ സര്‍ക്കാര്‍ ഇതിനകം 5326 കോടി രൂപയാണ് ചെലവഴിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വർഷത്തിൽ 2069 കോടി രൂപയാണ് ചെലവാക്കിയത്.
പട്ടിക, പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പുരോഗതിക്ക് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഓരോ വർഷവും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് ഇതിന് തെളിവാണ്. ബജറ്റിൽ അനുവദിച്ചതിനു പുറമേ അധിക ധനസഹായംകൂടി നൽകിയാണ് സർക്കാർ പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തുന്ന സ്‌കോളർഷിപ്പ് കുടിശ്ശികയെന്ന വാദം പട്ടിക പിന്നാക്ക വിഭാഗങ്ങൾ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.









0 comments